Share this Article
ഭാര്യയെ മയക്കുമരുന്ന് നൽകി കൈമാറി; 92 ബലാത്സംഗക്കേസ്, 51 പേര്‍ പിടിയില്‍
വെബ് ടീം
posted on 22-06-2023
1 min read
Frenchman drugged his wife and handed over to others

പാരീസ്: പത്തുവര്‍ഷത്തിനിടെ ഭാര്യയെ നിരവധിപേര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കൈമാറിയ ഭര്‍ത്താവ് പിടിയിൽ.ഫ്രാന്‍സിലെ മസാന്‍ സ്വദേശിയായ ഡൊമിനിക്ക് എന്നയാളാണ് ദിവസവും മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയശേഷം നിരവധിപേര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കൈമാറിയത്.നിരവധിതവണ സ്ത്രീ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ഇതില്‍ 92 കേസുകള്‍ സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. ഇതില്‍ 51 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2011 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഡൊമിനിക്ക് തന്റെ ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറിയിരുന്നത്. രാത്രി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയശേഷം ഭാര്യ അബോധാവസ്ഥയിലാകുന്നതോടെയാണ് ഇയാള്‍ 'അതിഥി'കളെന്ന് വിശേഷിപ്പിച്ചിരുന്നവരെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നത്. തുടര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അവസരമൊരുക്കി നല്‍കുകയും ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു.

ഇന്റര്‍നെറ്റിലെ ഗ്രൂപ്പുകള്‍ വഴിയാണ് ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ളവരെ ഇയാള്‍ കണ്ടെത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇന്റര്‍നെറ്റിലെ ലൈംഗികകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നു. ഇതിലൂടെ പരിചയപ്പെടുന്നവരെയാണ് പ്രതി പിന്നീട് വീട്ടിലേക്ക് ക്ഷണിക്കുന്നത്. ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വരുന്നവര്‍ പുകയിലയോ പെര്‍ഫ്യൂമോ ഉപയോഗിക്കരുതെന്നായിരുന്നു ഡൊമിനിക്കിന്റെ നിര്‍ദേശം. മയക്കത്തിലായിരിക്കുന്ന ഭാര്യ ഉണരുമോ എന്നുകരുതിയാണ് ഇതെല്ലാം ഒഴിവാക്കണമെന്ന് ഡൊമിനിക്ക് പറഞ്ഞിരുന്നത്. കൂടാതെ ലൈംഗികബന്ധത്തിന് മുന്‍പ് കൈകള്‍ ചൂടുവെള്ളത്തില്‍ കഴുകണമെന്നും അടുക്കളയില്‍വെച്ച് മാത്രമേ വസ്ത്രങ്ങള്‍ അഴിക്കാവൂ എന്നും ഇയാള്‍ നിര്‍ദേശിച്ചിരുന്നു. കുളിമുറിയില്‍ വസ്ത്രങ്ങള്‍ മറന്നുവെച്ച് പോകാതിരിക്കാനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്. മാത്രമല്ല, അയല്‍ക്കാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വീട്ടിലേക്ക് വരുന്നവര്‍ തൊട്ടടുത്തുള്ള സ്‌കൂളിന് സമീപം വാഹനം നിര്‍ത്തി നടന്നുവരണമെന്നും ഡൊമിനിക്ക് പറഞ്ഞിരുന്നു. 

മറ്റുള്ളവര്‍ക്ക് ഭാര്യയെ കൈമാറിയെങ്കിലും ഡൊമിനിക്ക് ഇതിനായി ഒരിക്കലും ഭീഷണിയോ അക്രമമോ നടത്തിയിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഭാര്യയുമായി ബന്ധപ്പെടാനെത്തുന്നവരോടും ഇയാള്‍ മോശമായി പെരുമാറിയിരുന്നില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതെല്ലാംനിര്‍ത്തി പോകാന്‍ പ്രതി അനുവദിച്ചിരുന്നതായും പോലീസ് പറഞ്ഞു.

ഡൊമിനിക്കിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ ഇതുവരെ 51 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 26 മുതല്‍ 73 വയസ്സ് വരെ പ്രായമുള്ളവരാണ് ഇവരെല്ലാം. മുനിസിപ്പല്‍ കൗണ്‍സിലര്‍, ലോറി ഡ്രൈവര്‍, മാധ്യമപ്രവര്‍ത്തകന്‍, ഐ.ടി. ജീവനക്കാരന്‍, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍, ജയില്‍ ഉദ്യോഗസ്ഥന്‍, നഴ്‌സ് തുടങ്ങിയവരെല്ലാം പ്രതികളിലുണ്ട്. ഇവരില്‍ ചിലര്‍ ഒന്നിലേറെതവണ സ്ത്രീയെ ബലാത്സംഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


അതേസമയം, ഡൊമിനിക്കിന്റെ ഭാര്യയുടെ സമ്മതമുണ്ടെന്ന് കരുതിയാണ് തങ്ങളിതെല്ലാം ചെയ്തതെന്നായിരുന്നു പ്രതികളില്‍ ചിലരുടെ മൊഴി. എന്നാല്‍ ഒരാള്‍ മാത്രം ഇത് ബലാത്സംഗമാണെന്ന വാദം നിഷേധിച്ചു. സ്ത്രീ ഡൊമിനിക്കിന്റെ ഭാര്യയാണെന്നും അതിനാല്‍ അയാള്‍ക്ക് ഇഷ്ടമുള്ളതാണ് അയാള്‍ ഭാര്യയുമായി ചെയ്യുന്നതെന്നുമായിരുന്നു ഇയാളുടെ വാദം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories