കൊച്ചി: മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തി ഒന്നാം എഡിഷന് കൊച്ചിയില്‍ തുടക്കമായി.സഫാരി ടിവി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കാലത്തിനൊപ്പം നീങ്ങുന്നതിനൊപ്പം ടെക്നോളജിയുടെ മാറ്റങ്ങൾ അറിയുകയും ചെയ്യുക എന്നത് പ്രധാനമാണെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു.മാറ്റങ്ങൾക്ക് വിധേയരാകാത്തതൊക്കെ അപ്രസക്തമാകും.പിടിച്ചു നിൽക്കണമെങ്കിൽ പുതിയ ടെക്നോളജി പഠിക്കണം.മാധ്യമങ്ങളുടെ ടെക്നോളജി മാറിക്കൊണ്ടിരിക്കുന്നതായും വരും വർഷങ്ങളിൽ സന്ദേശം ജനങ്ങളിൽ എങ്ങനെ എത്തുമെന്ന് പ്രവചിക്കുവാൻ കഴിയാത്ത രീതിയിലാണ് ടെക്‌നോളജിയുടെ വളർച്ചയെന്നും നാളെ നമ്മുടെ തട്ടകം എങ്ങനെ ആയിരിക്കും എന്നതിൻ്റെ സൂചനകളാണ് മെഗാ കേബിൾ ഫെസ്റ്റ് നൽകുന്നതെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു.
സഫാരി ടിവി ടെലിവിഷനിൽ താൻ കണ്ടിട്ട് ഒന്നര വർഷം പിന്നിട്ടു.കാണുന്നത് യൂട്യൂബിലൂടെയാണ്. മാറ്റം ആരംഭിച്ചിട്ടേയുള്ളുവെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു.
2030 ൽ കേരളം എങ്ങനെയായിരിക്കുമെന്ന് അന്വേഷണം നടത്തിയെന്നും അതിൽ നിന്നും 2030ൽ കേരളത്തിലെ 25% ത്തിൽ അധികം വീടുകൾ അടഞ്ഞു കിടക്കുമെന്നും ഓൾഡ് ഏജ് ഹോമുകൾ വർദ്ധിക്കുമെന്നു മനസ്സിലായെന്നു മുഖ്യാതിഥിയായി പങ്കെടുത്ത ഫ്ലവേർസ് ടിവി മാനേജിങ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.
വിദേശത്തേക്ക് മലയാളികൾ പോകാൻ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും സഫാരിയും വഴികാട്ടിയായെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.
ആഗോള സാങ്കേതിക രംഗത്തെ മാറ്റങ്ങൾ കേരളത്തിൽ വലിയ രീതിയിൽ പ്രതിഫലിക്കാറുണ്ടെന്നും ടെലിവിഷൻ മേഖലയ്ക്ക് ഇന്നും പ്രാധാന്യമുണ്ടെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ബിബിസി സൗത്ത് ഏഷ്യ ഡിസ്ട്രിബ്യുഷൻ ഹെഡ് സുനിൽ ജോഷി പറഞ്ഞു.
അറിവ് പകർന്നു കൊടുക്കുന്നതിൽ മെഗാ ഫെസ്റ്റിൻ്റെ പങ്ക് ചെറുതല്ലെന്ന് നേരത്തെ സ്വാഗതം പറഞ്ഞുകൊണ്ട് സിഒഎ ജനറൽ സെക്രട്ടറി കെ വി രാജൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ വേഗത്തിൽ കേബിൾ മേഖല കേരളത്തിൽ വളർന്നുവെന്നും മെഗാ ഫെസ്റ്റ് ഗുണകരമായ പലതും സംഭാവന ചെയ്യുമെന്നും സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ് പറഞ്ഞു.കേരള ഇൻഫോ മീഡിയ സി ഇ ഒ എൻ ഇ ഹരികുമാർ നന്ദി രേഖപ്പെടുത്തി.