കൊച്ചി: കലവൂരില്‍ മരിച്ച കടവന്ത്ര സ്വദേശി സുഭദ്രയുടേത് ക്രൂര കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്.കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്. സുഭദ്രയുടെ ശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിലാണ്. കൈ ഒടിച്ചത് കൊലപാതക ശേഷമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇടത് കൈ ഒടിച്ചു പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
അതേ സമയം നിതിൻ മാത്യൂസ് ഭാര്യ ശർമ്മിള എന്നിവർ ഒളിവിലാണ്. പ്രതികളായ മാത്യൂസിനും ശര്‍മിളയ്ക്കും വേണ്ടി പൊലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. സുഭദ്രയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ നിതിൻ മാത്യൂസിന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന നിതിൻ മാത്യൂസിനോട് ഓഗസ്റ്റ് 10ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇരുവരും ഒളിവിൽ പോയത്. കടവന്ത്രയില്‍ നിന്ന് കാണാതായ 73 കാരിയായ സുഭദ്രയെ ശർമ്മിള കൂട്ടിക്കൊണ്ടു പോകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സുഭദ്രയെ ശര്‍മിളയുടെ വീട്ടില്‍ കണ്ടതായി നാട്ടുകാരും അറിയിച്ചിരുന്നു.
സ്ഥിരമായി തീര്‍ഥാടനം നടത്താറുള്ള സുഭദ്ര മാത്യുവിനേയും ശര്‍മിളയെയും പരിചയപ്പെടുന്നത് തീര്‍ഥാടന വേളയിലാണ്. തീര്‍ഥാടനത്തിന് പോവുകയാണെന്ന് പറഞ്ഞാണ് സുഭദ്ര വീട്ടില്‍ നിന്ന് ഇറങ്ങിയതും. ഓഗസ്റ്റ് നാലാം തീയതി സുഭദ്രയെ കാണാതായതിനെ തുടർന്ന് ഏഴാം തീയതി മകൻ രാധാകൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.