നവോത്ഥാന കേരളത്തിന്റെയും ജനാധിപത്യ ഇന്ത്യയുടെയും ഇന്നത്തെ അവസ്ഥയിൽ ഏറെ വേദനയുണ്ടെന്ന് എഴുത്തുകാരൻ സക്കറിയ. ജനാധിപത്യം ഇല്ലെങ്കിൽ സാഹിത്യം കൂലി എഴുത്തായി മാറും. ഇന്ത്യാ ചരിത്രത്തിന്റെ ഏറ്റവും ദൗർഭാഗ്യകരമായ നിമിഷങ്ങളാണ് ഇപ്പോൾ ചുരുളഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാതൃഭൂമി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സക്കറിയ.
ഒരു എഴുത്തുകാരന് എഴുത്തുകാരിക്ക് വർഗീയവാദി ആകാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാനാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ പറ്റും എന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിൻറെ സാമൂഹ്യ വ്യവസ്ഥിതിയിൽ എഴുത്തുകാരൻ തോരണം പോലെ വെറും അലങ്കാരം മാത്രമാണ്. അല്ലാതെ ഒരു പ്രിവിലേജും അവർക്ക് ലഭിച്ചിട്ടില്ല.
മതവും രാഷ്ട്രീയവും സാഹിത്യത്തിൽ ഇടപെടുന്നത് അപകടകരമാണ്. വ്യാജ വിഗ്രഹങ്ങളുടെ പ്രതിഷ്ഠ നവോത്ഥാനത്തിന് കടക വിരുദ്ധമാണ്. ജനങ്ങളുടെ അറിവിന് തടയിടുകയാണ് സ്വേച്ഛാധിപത്യത്തിന്റെ ഒന്നാമത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇന്ന് ആശങ്കകൾ ഉണ്ടെന്നും പ്രതീക്ഷകൾ മങ്ങുകയാണെന്നും സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു. എം. മുകുന്ദനാണ് സക്കറിയക്ക് മാതൃഭൂമി സാഹിത്യ പുരസ്കാരം സമർപ്പിച്ചത്. മൂന്നുലക്ഷം രൂപയും എം.വി.ദേവൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.