ബസുകളിൽ രാവിലെയും വൈകിട്ടും വലിയ തിരക്ക് ഉണ്ടാകാറുണ്ട്.ആളുകൾ സീറ്റിന് വേണ്ടി വഴക്കുണ്ടാക്കുന്ന പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഈ വീഡിയോയും. വീഡിയോയിൽ രണ്ട് സ്ത്രീകൾ ഒരു സീറ്റിന് വേണ്ടി പൊരിഞ്ഞ വഴക്കുണ്ടാക്കുന്നതാണ് കാണാൻ സാധിക്കുന്നത്. കർണാടകയിലാണ് സംഭവം.
സീറ്റ് പിടിക്കുന്നതിന് വേണ്ടി ആളുകൾ സാധാരണയായി ബസിൽ സീറ്റുകളിൽ തൂവാലയും മറ്റും കൊണ്ടിടാറുണ്ട്. എന്നാൽ, എല്ലാവർക്കും അത് അത്ര അംഗീകരിക്കാൻ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അതുപോലെ തൂവാലയൊക്കെയിട്ട് സീറ്റ് പിടിച്ചാലും ചിലർ അത് എടുത്തുമാറ്റി അവിടെ ഇരിക്കാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഒരു സ്ത്രീ സീറ്റ് പിടിക്കുന്നതിന് വേണ്ടി സീറ്റിൽ ഒരു സ്കാർഫ് ഇട്ടു. എന്നാൽ, മറ്റൊരു സ്ത്രീ ആ സ്കാർഫ് എടുത്തുമാറ്റി അവിടെ ഇരിക്കാൻ ശ്രമിച്ചു. അതോടെയാണ് വഴക്ക് ആരംഭിച്ചത്.
പിന്നെ ആ വഴക്ക് കയ്യാങ്കളിയായി. സ്ത്രീകൾ പരസ്പരം വഴക്കുണ്ടാക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് തള്ളുന്നതും അക്രമിക്കാൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ചുറ്റും കൂടി നിന്നവരിൽ പലരും ഇത് തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി തുടരുകയാണ്. അതിനിടയിൽ കുഞ്ഞുങ്ങൾ കരയുന്നതും ആളുകൾ വഴക്ക് നിർത്താൻ പറയുന്നതും എല്ലാം പശ്ചാത്തലത്തിൽ കേൾക്കാം.