Share this Article
image
ഹമാസിനെതിരെ U S സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍
US Secretary of State Anthony Blinken against Hamas

ഹമാസിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. പശ്ചിമേഷ്യന്‍ മേഖലയുടെ വിധി തീരുമാനിക്കാന്‍ ഹമാസിനെ അനുവദിക്കില്ല. വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് നിര്‍ദ്ദേശിച്ച ചില മാറ്റങ്ങള്‍ പ്രായോഗികമല്ലെന്ന് ബ്ലിങ്കന്‍ വ്യക്തമാക്കി.

ഖത്തര്‍ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. പശ്ചിമേഷ്യന്‍ മേഖലയുടെ വിധി തീരുമാനിക്കാന്‍ ഹമാസിനെ അനുവദിക്കില്ലെന്നും വെടിനിര്‍ത്തല്‍ പ്രമേയത്തില്‍ ഹമാസ് നിര്‍ദേശിച്ച ഭേദഗതികള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധാനന്തര ഗാസയുടെ ഭരണം സംബന്ധിച്ച് വരും ദിവസങ്ങളില്‍ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കും. ആരും ഒരു യുദ്ധം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ല, സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം നയതന്ത്ര പ്രമേയമാണെന്ന് മിക്കവരും വിശ്വസിക്കുന്നുവെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഹമാസ് നിര്‍ദ്ദേശിച്ച ചില മാറ്റങ്ങള്‍ പ്രായോഗികമല്ലെന്നാണ് ഖത്തറില്‍ നടന്ന ചര്‍ച്ചയിലെ വിലയിരുത്തല്‍. അതേസമയം, വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള നീക്കം തുടരുമെന്ന് ഖത്തര്‍ വ്യക്തമാക്കി. അതേസമയം, ഇസ്രയേലിന്റെ ആക്രമണം ഇപ്പോഴും തുടരുന്നു. 

ഗാസയിലെ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും ഓക്‌സിജന്റെയും ഇന്ധനത്തിന്റെയും അഭാവം മൂലം അടച്ചു പൂട്ടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞദിവസം ജെനിനടുത്തുള്ള കാഫര്‍ ഡാന്‍ പട്ടണത്തില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories