10 വയസ്സുകാരി മരണത്തിന് കീഴടങ്ങുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ചു. എമ്മ എഡ്വേർഡ്സ് എന്ന പെൺകുട്ടിയാണ് മനസ്സലിയുന്ന വാർത്തയിലെ നായിക.
വലുതാകുമ്പോൾ തന്റെ ബാല്യകാല സുഹൃത്തിനെ തന്നെ വിവാഹം കഴിക്കണമെന്ന് അതിതീവ്രമായി ആഗ്രഹിച്ചിരുന്ന എമ്മ ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയ്ക്ക് കീഴടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ആ ആഗ്രഹം നിറവേറ്റി. മകളുടെ ആഗ്രഹത്തിന് ഒപ്പം നിന്ന മാതാപിതാക്കളായ അലീന എഡ്വേർഡ്സും ആരോൺ എഡ്വേർഡ്സും പക്ഷേ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നത് തങ്ങളുടെ മകൾ മരണത്തെ അതിജീവിച്ച് തിരികെ ജീവിതത്തിലേക്ക് വരുമെന്നായിരുന്നു. പക്ഷേ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും പൂർത്തിയാക്കി അവൾ മരണത്തിന് കീഴടങ്ങി.
2023 ജൂണിലാണ് ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത വിധം എമ്മയുടെ രോഗം ഗുരുതരാവസ്ഥയിൽ എത്തിയ വിവരം കുടുംബാംഗങ്ങൾ അറിയുന്നത്. തുടർന്നായിരുന്നു എമ്മയുടെ ആഗ്രഹം പോലെ ബാല്യകാല സുഹൃത്തുമായുള്ള അവളുടെ വിവാഹാഘോഷം സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിൽ നടത്തിയത്. ഒടുവിൽ എമ്മ എഡ്വേർഡ്സ് 2023 ജൂലൈ 11 -ന് അന്തരിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, ഡിജെ എന്നറിയപ്പെടുന്ന ഡാനിയൽ മാർഷൽ ക്രിസ്റ്റഫർ വില്യംസ് ജൂനിയർ എന്ന പത്തു വയസ്സുകാരനെയാണ് എമ്മ വിവാഹം കഴിച്ചത്. ചെറുപ്രായം മുതൽ പരിചയമുള്ള ഇരുവരും പഠിച്ചിരുന്നതും ഒരുമിച്ച് ആയിരുന്നു. എമ്മയുടെ ആഗ്രഹം തിരിച്ചറിഞ്ഞ് ബന്ധുക്കളും മാതാപിതാക്കളും ചേർന്ന് ജൂൺ 29 -ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടത്തിയത്. ചടങ്ങിൽ നൂറോളം അതിഥികൾ പങ്കെടുത്തു.