ഷാര്‍ജ: പതിനഞ്ച് വര്‍ഷത്തിനകം മനുഷ്യന്‍ ചന്ദ്രനില്‍ താമസിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ യുഎഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിയോടൊപ്പം സദസ്സുമായി സംവദിക്കുകയായിരുന്നു സുനിത വില്യംസ്.
മനുഷ്യ സമൂഹത്തിനായി നാസയ്ക്ക് വലിയ പദ്ധതികളുണ്ട്. ഭൂമിയില്‍ ജീവിക്കുക എന്നതിനപ്പുറം മറ്റു ഗ്രഹങ്ങളിലേക്കു കൂടി എത്താന്‍ ശ്രമിക്കുക എന്നത് സുപ്രധാനമാണ്. എന്നാല്‍ ചൊവ്വാ ദൗത്യം അല്‍പം പ്രയാസം പിടിച്ച കാര്യമാണെന്നും പറഞ്ഞു. ഭൂമി, ചൊവ്വ, ചന്ദ്രന്‍ എന്നിവയുടെ ഡയഗ്രം സ്‌ക്രീനില്‍ പ്രദര്‍ശിച്ചുകൊണ്ടായിരുന്നു സുനിതയുടെ സംഭാഷണം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സഞ്ചാരം ശക്തിപ്പെടുത്തണമെന്നു പറഞ്ഞ അവര്‍, ചൊവ്വാ യാത്ര കൂടുതല്‍ കാര്യങ്ങള്‍ ലോകത്തിനു മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നും പ്രത്യാശിച്ചു.
സുനിത വില്യംസ് ബഹിരാകാശനിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വനിതയാണ്. ഏറ്റവും കൂടുതല്‍ സമയം സ്‌പേസ് വോക്ക് നടത്തിയ വനിതയും സുനിത വില്യംസ് തന്നെ.അടുത്ത 15 വര്‍ഷത്തിനകം മനുഷ്യന്‍ ചന്ദ്രനില്‍ ജീവിച്ചുതുടങ്ങുമെന്നും, ഭൂമിക്ക് പുറത്തും ജീവനുണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി സുനിത വില്യംസ് പറഞ്ഞു.
സദസിലെ കുഞ്ഞുബാലന്റെ കൗതുകത്തിനുള്ള മറുപടിയിലാണ് നമ്മുടേതിന് സമാനമായി മറ്റൊരു സൗരയൂഥം ഉണ്ടാകാതിരിക്കാന്‍ തരമില്ലെന്നും സുനിത വില്യംസ് പറഞ്ഞത്. ബഹിരാകാശത്തെനിലയത്തിലെ ജീവിതത്തെക്കുറിച്ചും സുനിതയ്‌ക്കൊപ്പം ഹസ്സയും വിശദമായി സംസാരിച്ചു.