മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. അതേസമയം സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയിലായതിനാല്‍ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കെജ്രിവാള്‍ ജയില്‍ തുടരും.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 19-ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോയെന്ന് പരിശോധിക്കാനാണ് കെജ്രിവാളിന്റെ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്. കേസില്‍ മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെയാണു കെജ്രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ടും മുന്‍പ് ജാമ്യം അനുവദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും, ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു. 90 ദിവസത്തിലധികം കേജ്രിവാള്‍ ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞു.
അദ്ദേഹം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയിലായതിനാല്‍ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കെജ്രിവാള്‍ ജയില്‍ തുടരും. സിബിഐ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയത് കൊണ്ട് ഇതില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ കെജ്രിവാളിന് ജയില്‍ മോചനം സാധ്യമാകൂ.