Share this Article
ഈ പരിസ്ഥിതി വകുപ്പ് മന്ത്രി അറസ്റ്റിലായത് ദുർമന്ത്രവാദം നടത്തിയതിന്‌; പ്രസിഡന്റിനെതിരെ മാലദീപ് മന്ത്രിയുടെ ദുർമന്ത്രവാദം അടുപ്പമുണ്ടാകാൻ/
വെബ് ടീം
posted on 28-06-2024
1 min read
MINISTER ARRESTED FOR WITCHCRAFT

മാലെ: പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന ആരോപണത്തിൽ മാലദ്വീപ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, ഊര്‍ജ വകുപ്പു സഹമന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ അറസ്റ്റു ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍. അറസ്റ്റിനെ തുടർന്നു ഷംനാസിനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കി. ജൂൺ 23നാണ് മന്ത്രിയെയും മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ഏഴു ദിവസത്തേക്കു റിമാൻഡ് ചെയ്യുകയും ചെയ്തത്. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിട്ടില്ല. 

ഷംനാസിന്റെ സഹോദരനും മന്ത്രവാദിയുമാണ് അറസ്റ്റിലായ മറ്റു രണ്ടുപേരെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്റ് ഓഫിസിലെ മന്ത്രിയായ ആദം റമീസിന്റെ മുന്‍ഭാര്യയായ ഷംനാസ്, പ്രസിഡന്റ് മുയിസു മാലെ നഗരസഭാ മേയറായിരുന്ന കാലത്ത് സിറ്റി കൗണ്‍സിൽ മെംബറായിരുന്നു. കഴിഞ്ഞ വർഷം മുയിസു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഷംനാസ് കൗൺസിലിൽനിന്നു രാജിവച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മുളിയാഗെയിൽ  സഹമന്ത്രിയായി നിയമിതയായി. പിന്നീടു പരിസ്ഥിതി മന്ത്രാലയത്തിലേക്കു നിയമനംനേടുകയായിരുന്നു.  

പ്രസിഡന്റുമായി കൂടുതല്‍ അടുപ്പത്തിലാകാനാണ് ഷംനാസ് ദുർമന്ത്രവാദം നടത്തിയതെന്നും രഹസ്യവിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 

കാലാവസ്ഥാ പ്രതിസന്ധി നിലനിൽക്കുന്ന രാജ്യത്ത് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, ഊര്‍ജ മന്ത്രിയായിരിക്കെ നിർണായകസ്ഥാനം വഹിച്ച മന്ത്രിയാണ് ഷംനാസ്. സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നത് ഈ നൂറ്റാണ്ടോടെ രാജ്യം വാസയോഗ്യമല്ലാതാക്കും എന്ന് യുഎൻ പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പു നൽകുന്ന സാഹചര്യത്തിൽ മന്ത്രിയുടെ അഭാവം നിർണായകമാവുമെന്നു രാഷ്ട്രീയനിരീക്ഷകർ പറയുന്നു. എന്നാൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മാലദ്വീപിൽ ദുർമന്ത്രവാദം ശിക്ഷാനിയമപ്രകാരം ക്രിമിനൽ കുറ്റമല്ല. പക്ഷേ, ഇസ്‌ലാമിക നിയമപ്രകാരം ആറു മാസത്തെ ജയിൽ ശിക്ഷവരെ ലഭിക്കാൻ സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories