കൊച്ചി: സ്വാശ്രയ നഴ്സിങ് കോളേജുകളിൽ കാപ്പിറ്റേഷൻ ഫീസ് കാരണം അർഹരായ വിദ്യാർത്ഥികൾക്ക് സീറ്റ് കിട്ടുന്നില്ലെന്ന് പരാതി. വിവിധ വിദ്യാർത്ഥികൾ വിഷയത്തിൽ ഗവർണർക്കും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. പ്രശ്നത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പറഞ്ഞു.
കേരളത്തിൽ 156 സ്വാശ്രയ നഴ്സിംഗ് കോളേജുകളാണുള്ളത്. ഇവിടെ മിക്കയിടത്തും ഏജൻ്റുമാരുടെ ഇടപെടലോടെ സീറ്റുകൾ കച്ചവടം ചെയ്യുന്നു എന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. 90 ശതമാനത്തിലധികം മാർക്കുള്ളവർക്ക് സീറ്റ് ലഭിക്കുന്നില്ല. പകരം 60 ശതമാനം മാത്രമുള്ളവർക്ക് സീറ്റ് കിട്ടുന്നുണ്ട് എന്നാണ് ആരോപണം. ചില മാനേജ്മെൻ്റുകൾ അപേക്ഷകൾ പോലും സ്വീകരിക്കാതെയാണ് വിദ്യാർത്ഥികൾക്ക് സീറ്റ് നൽകുന്നത്. ഇതിനായി 5 മുതൽ 12 ലക്ഷം വരെ ഡൊണേഷൻ വാങ്ങുന്നുന്നു എന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ആകെ കോളേജുകളിലായി 9010 സീറ്റുകൾ ഉണ്ടായിട്ടു പോലും അഡ്മിഷൻ കിട്ടുന്നില്ല എന്ന് ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.