ഹൈദരാബാദ്: നന്ദമൂരി ബാലകൃഷ്ണ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടി ഉർവശി റൗട്ടേലയ്ക്ക് പരിക്ക്. ഹൈദരാബാദിലെ ഷൂട്ടിംഗിനിടെയാണ് നടിക്ക് പരിക്കേറ്റത് എന്നാണ് റിപ്പോർട്ട്.പരിക്കേറ്റതിനെ തുടർന്ന് ഉർവ്വശിയെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സംബന്ധിച്ച് വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പരിക്ക് അല്‍പ്പം ഗൗരവമേറിയതാണ് എന്നാണ് ഉർവ്വശി റൗട്ടാലയുടെ ടീം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂളിന്‍റെ ചിത്രീകരണത്തിനായി ഉർവ്വശി റൗട്ടാല അടുത്തിടെയാണ് ഹൈദരാബാദില്‍ എത്തിയത്. സംഘടന രംഗത്തിനിടെയാണ് നടിക്ക് പരിക്കേറ്റത് എന്നാണ് വിവരം.
നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോൾ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2024 നവംബറിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ബോബി കൊല്ലി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ സംഗീതം തമൻ എസ് ആണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷമാണ് തെലുങ്ക് സിനിമയിൽ ഉർവ്വശി റൗട്ടാല അരങ്ങേറ്റം കുറിച്ചത്. അഖിൽ അക്കിനേനി അഭിനയിച്ച ഏജന്‍റിലെ വൈൽഡ് സാല, ചിരഞ്ജീവി അഭിനയിച്ച വാൾട്ടയർ വീരയ്യയിലെ ബോസ് പാർട്ടി, സായി ധരം തേജയും പവൻ കല്യാണും അഭിനയിച്ച ബ്രോയിലെ മൈ ഡിയർ മാർക്കണ്ടേയ തുടങ്ങിയ ഗാനങ്ങളില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു.