ബഹ്റൈച്ച്: ഡ്യൂട്ടിക്കിടെ കുരങ്ങനുമായുള്ള റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ആറ് നഴ്സുമാർക്ക് സസ്‌പെൻഷൻ. ബഹ്റൈച്ചിലെ ഒരു സർക്കാർ വനിതാ ആശുപത്രിയിലെ നഴ്സുമാർക്കാണ് സസ്പെൻഷൻ. ചില നഴ്‌സുമാർ ഏപ്രൺ ധരിച്ച് ആശുപത്രി കസേരകളിൽ ഇരുന്നു കുരങ്ങൻ കുട്ടിയുമായി കളിക്കുന്നത് വീഡിയോയിൽ കാണാം.
ആശുപത്രിയിലെ ഗൈനക്കോളജി, ഒബ്‌സ്റ്റട്രിക്‌സ് വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സുമാരെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് മഹർഷി ബാലർക്ക് ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ എം.എം ത്രിപാഠി പറഞ്ഞു. അഞ്ചംഗ ഡോക്ടർമാരുടെ സമിതി വിഷയം അന്വേഷിക്കുകയാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
കുരങ്ങുമായുള്ള നഴ്‌സുമാരുടെ റീൽ ഇവിടെ ക്ലിക്ക് ചെയ്തു കാണാം
വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സഞ്ജയ് ഖത്രി മുഴുവൻ പേരെയും സസ്പെൻഡ് ചെയ്തു. അഞ്ജലി, കിരൺ സിങ്, ആഞ്ചൽ ശുക്ല, പ്രിയ റിച്ചാർഡ്, പൂനം പാണ്ഡെ, സന്ധ്യാ സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് നഴ്‌സുമാർ കുരങ്ങിനെ ഉപയോഗിച്ച് റീലുണ്ടാക്കുകയും ജോലിയിൽ അശ്രദ്ധ കാണിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് മെഡിക്കൽ കോളേജിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് പ്രിൻസിപ്പൽ ഉത്തരവിൽ പറഞ്ഞു.
സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ, ആറ് നഴ്സുമാരെ വകുപ്പിൽ ജോലി ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഉത്തരവിൽ പറയുന്നു.