Share this Article
image
കുവൈത്ത്‌ ദുരന്തം ; മരിച്ചവരില്‍ കൂടുതല്‍ പേരും മലയാളികള്‍
Kuwait Tragedy; Most of the dead are Malayalis

കുവൈത്തിലെ   ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ അധികവും മലയാളികള്‍ ആണെന്നത് ദുഖത്തിന്റെ വ്യാപ്തി കൂട്ടുന്നു. നിരവധി സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് 23 പ്രവാസി മലയാളികള്‍ മരണത്തിന് കീഴടങ്ങിയത്.

സ്വന്തമായൊരു വീട്, സാമ്പത്തിക ഭദ്രത തുടങ്ങി പല സ്വപ്‌നങ്ങളുമായി കുവൈറ്റില്‍ എത്തിയവരാണ് അപ്രതീക്ഷിത ദുരന്തത്തിന് ഇരയായത്. മരിച്ചവരില്‍ പകുതില്‍ അധികം പേരും മലയാളികളാണ് എന്നത് ദുഖത്തിന്റെ വ്യാപ്തി കൂട്ടുന്നു. പത്തനംതിട്ടയില്‍ മാത്രം ആറുപേരാണ് ദുരന്തത്തില്‍ മരിച്ചത്.

പന്തളം സ്വദേശി ആകാശ് ശശിധരനെ മരണം കവര്‍ന്നത് ഓണത്തിന് നാട്ടില്‍ വരാനിരിക്കെ. കുവൈത്തിലെ   കമ്പനിയില്‍ സ്റ്റോര്‍ ഇന്‍ ചാര്‍ജ് ആയാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. വാഴമുട്ടം സ്വദേശി പി.വി മുരളീധരന്‍ നായര്‍, അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസ്, നിരണം സ്വദേശി മാത്യു ജോര്‍ജ്, തിരുവല്ല സ്വദേശി തോമസ് സി ഉമ്മന്‍, കീഴ്‌വായ്പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാം എന്നിവരെയും തിരിച്ചറിഞ്ഞു.

എന്‍ബിടിസി കമ്പനിയിലെ കെമിക്കല്‍ എഞ്ചിനിയറായിരുന്ന, കൊല്ലം വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, ഒരു മാസം മുന്‍പാണ് ജോലിക്കായി കുവൈറ്റിലെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തി മടങ്ങിയ കൊല്ലം വയ്യാങ്കര സ്വദേശി ഷെമീറിന്റെ മരണവാര്‍ത്ത നടുക്കത്തോടെയാണ് വീട്ടുകാര്‍ കേട്ടത്.

വെളിച്ചിക്കാല സ്വദേശി ലൂക്കോസ് സാബുവും അപ്രതീക്ഷിത ദുരന്തത്തിന് ഇരയായി. ജൂണ്‍ അഞ്ചിന് ജോലിക്കായി കുവൈറ്റില്‍ എത്തിയ കോട്ടയം, ചങ്ങനാശേരിക്കാരന്‍ ശ്രീഹരിയുടെ മരണവാര്‍ത്ത കുടുംബത്തെ ഞെട്ടിക്കുന്നതായിരുന്നു. പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ് എന്നിവരുടെ മൃതദേഹവും തിരിച്ചറിഞ്ഞു.

കാസര്‍ഗോട്ടെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ചെര്‍ക്കള സ്വദേശി രഞ്ജിത്തിന്റെ മരണം നാടിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. എന്‍ബിടിസി ഗ്രൂപ്പില്‍ പ്രൊഡക്ഷന്‍ മാനേജര്‍ ആയിരുന്ന ദുരന്തത്തില്‍ മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി കേളു പൊന്മലേരി.

മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, പുലാമന്തോള്‍ സ്വദേശി എം.പി ബാഹുലേയന്‍, തൃശൂര്‍ ചാവക്കാട് സ്വദേശി ബിനോയ് തോമസ്, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, പയ്യന്നൂര്‍ സ്വദേശി നിധിന്‍, ചെങ്ങന്നൂര്‍ സ്വദേശി മാത്യു തോമസ്, തിരുവനന്തപുരം സ്വദേശി അരുണ്‍ ബാബു എന്നിവരുടേയും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories