സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് ചേരും. രാവിലെ പത്തുമണിക്ക് ആയിരിക്കും യോഗം ചേരുക. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. കൂടാതെ തൃശ്ശൂർ പൂരം വിവാദം, കൊടകര കുഴൽപ്പണക്കേസ്, കണ്ണൂർ ജില്ലാ കമ്മറ്റി അംഗം പി പി ദിവ്യയുടെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായേക്കും.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് ആയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കില്ല ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നത് കണക്കിലെടുത്താണ് സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂരിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റും തൃശ്ശൂരിൽ ചേർന്നിരുന്നു.