Share this Article
image
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്;ന്യൂ മെക്‌സിക്കോയില്‍ വെടിവയ്പ്പില്‍ മൂന്ന് മരണം
വെബ് ടീം
posted on 16-05-2023
1 min read
3 dead, 6 injured in New Mexico shooting

ന്യൂ മെക്‌സിക്കോയിലെ ഫോര്‍ കോര്‍ണേഴ്സ് മേഖലയിലുണ്ടായ വെടിവയ്‌പിൽ   മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും 18 വയസ്സ് പ്രായം തോന്നിക്കുമെന്നും ഡെപ്യൂട്ടി പോലീസ് മേധാവി ബാരിക് ക്രം പറഞ്ഞു. ഇയാളില്‍ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നും ബാരിക് ക്രം പ്രസ്താവനയിലൂടെ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഫാമിംഗ്ടണിലെ സ്‌കൂളുകള്‍ രാവിലെ മുതല്‍ അടച്ചിട്ടു. പിന്നീട് അക്രമി കൊല്ലപ്പെട്ടെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് സ്‌കൂളുകള്‍ തുറക്കാന്‍ ഉത്തരവിട്ടത്. സ്‌കൂളുകളില്‍ ഉണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് ജീവനക്കാര്‍ അറിയിച്ചു. 

ആക്രമണത്തില്‍ പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  വീടിന്റെ ജനല്‍ തകര്‍ത്ത ബുള്ളറ്റ് കിടപ്പുമുറിയുടെ ഭിത്തിയില്‍ നിന്നാണ് ലഭിച്ചതെന്ന് പ്രദേശവാസിയായ യുവതി ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. താന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും അവര്‍ പ്രതികരിച്ചു. അതേസമയം അമേരിക്കയില്‍ ഈ വര്‍ഷം 215-ലധികം വെടിവയ്പുകള്‍ നടന്നിട്ടുണ്ടെന്ന് ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന സര്‍ക്കാരിതര സംഘടനയുടെ കണക്കള്‍ പറയുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് ആക്രമണങ്ങളാണ് ഉണ്ടായത്. അരിസോണയിലെ യുമയില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. ഈ ആക്രമണത്തിന് ഒരാഴ്ച മുമ്പ് ഡാലസ് ഏരിയയിലെ ഒരു മാളിലും ഈ അക്രമി എട്ട് പേരെ കൊലപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories