ന്യൂഡല്‍ഹി: തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന ചോദ്യത്തോടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്.
വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേയ്ക്കു നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ട്രെയിന്‍ നിര്‍ത്തേണ്ടത് എവിടെയെന്ന് കോടതിയാണോ തീരുമാനിക്കേണ്ടത്? ഇനി ഡല്‍ഹി - മുംബൈ രാജധാനിയുടെ സ്റ്റോപ്പും ഞങ്ങള്‍ നോക്കണോ?- കോടതി ചോദിച്ചു. ട്രെയിനുകളുടെ സ്‌റ്റോപ് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ആരോപിച്ച് തിരൂര്‍ സ്വദേശി പി.ടി. ഷീജിഷ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. റെയില്‍വേ പുറത്തിറക്കിയ ആദ്യ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്തെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്, എം.എസ്. വിഷ്ണു ശങ്കര്‍ എന്നിവരാണ് ഹര്‍ജിക്കാരന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.