മോണ്ടേവിഡിയോ: 2015ൽ ഉറുഗ്വായെ പ്രതിനിധീകരിച്ച ലോകസുന്ദരി മത്സരാർഥി ഷെരിക ഡി അർമാസ് അന്തരിച്ചു. 26 വയസായിരുന്നു. സെർവികൽ കാൻസറിനെ തുടർന്ന് രണ്ട് വർഷമായി ചികിത്സ തേടുകയായിരുന്നു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കീമോതെറാപ്പി, റേഡിയോതെറാപ്പി ചികിത്സ തേടിയിരുന്നു. ഷെരിക മരിച്ച വിവരം സഹോദരനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അർബുദം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാഗമായും ഷെരിക പ്രവർത്തിച്ചിരുന്നു.
2015ൽ ചൈനയിൽ നടന്ന ലോകസുന്ദരി ചാമ്പ്യൻഷിപ്പിൽ അവസാന 30 പേരിൽ ഷെരിക ഇടംനേടിയിരുന്നു. ഷെരികയുടെ മരണത്തിൽ നിലവിലെ മിസ് ഉറുഗ്വേ കാർല റൊമേറോ അനുശോചിച്ചു. തന്‍റെ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ഷെരികയെ അവർ വിശേഷിപ്പിച്ചത്.