ഫിന്‍ജാല്‍ ചുഴയിക്കാറ്റിന്റെ ഫലമായി പെയ്ത കനത്ത മഴയില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 21 പേര്‍ മരിച്ചു. തിരുവണ്ണാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളെ മഴക്കെടുതി ബാധിച്ചെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. അടിയന്തരമായി 2000 കോടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം കനത്ത മഴയില്‍ ചെന്നൈയിലും പോണ്ടിച്ചേരിയിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വില്ലുപുരം മേഖലയെ ആണ് വെള്ളക്കെട്ട് പ്രധാനമായും ബാധിച്ചിരിക്കുന്നത്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലസ്ഥലത്തും നിര്‍ത്താതെ പെയ്യുന്ന മഴകാരണം ഗതാഗത സംവിധാനങ്ങളും തടസപ്പെട്ടു.