പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം നിയമ വിരുദ്ധമെന്ന് രാജ്യാന്തര നീതിനായ കോടതി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്നും രാജ്യാന്തര കോടതിയുടെ വിധി. എന്നാല്‍ സ്വന്തം ഭൂമിയിലേത് അധിനിവേശമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
ഗാസയിലെ ഇസ്രയേല്‍ അധിനിവേശം രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിക്കുന്നതും നിയമവിരുദ്ധമാണ് എന്നുമാണ് 15 അംഗ പാനലിന്റെ വിധി.ഇത് ആദ്യമായാണ് ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ രാജ്യാന്തര നീതിനായ കോടതി തീര്‍പ്പ് കല്‍പ്പിച്ചുള്ള വിധി പ്രസ്താവിക്കുന്നത്. എല്ലാ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി കുടിയേറ്റക്കാരെയും ഒഴിപ്പിക്കേണ്ടത് ഇസ്രയേലിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.
എന്നാല്‍ കോടതിയുടേത് ഏകപക്ഷീയമായ വിധിയാണെന്ന് ആരോപിച്ച ഇസ്രയേല്‍ ചര്‍ച്ചകളിലൂടെ മാത്രമേ കുടിയേറ്റ വിഷയം പരിഹരിക്കാന്‍ സാധിക്കുയെന്ന് വ്യക്തമാക്കി.ജൂത രാഷ്ട്രമായ ഇസ്രയേലിന് സ്വന്തം ഭൂമിയില്‍ അധിനിവേശം നടത്താന്‍ സാധിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു