പത്തനംതിട്ട: പശ്ചിമബംഗാളിലെ മെഡിക്കൽ കോളേജിൽ പി.ജി.വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ വേറിട്ട പ്രതിഷേധവുമായി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ്. വിദ്യാർഥികൾ. ചിതാഗ്നി എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഇവർ പ്രതിഷേധം അറിയിച്ചത്.
കോളേജ് മ്യൂസിക് ബാൻഡായ ധ്വനിയിലെ അംഗങ്ങളായ രജിത്ത് രാജേഷ്, അഭിരാം ശങ്കർ, മരിയ ലിസ്, ക്രിസ്റ്റീന ജോഷി, ശ്രീനന്ദിനി നന്ദകുമാർ, തോമസ് പയസ് എന്നിവർ ചേർന്നാണ് മ്യൂസിക് വീഡിയോ തയ്യാറാക്കിയത്. “നീണ്ട നിദ്രയിൽ ആണ്ടുപോയൊരു കാലമേ ഉണരൂ... തീനാളം ആളി എരിഞ്ഞണഞ്ഞൊരു ചിതയിൽനിന്നുയരൂ...” എന്ന് തുടങ്ങുന്ന ഗാനം ചടുലതാളത്തിലുള്ളതാണ്. സ്ത്രീകൾക്ക് നേരേയുള്ള എല്ലാ അതിക്രമങ്ങൾക്കും നീതിനിഷേധങ്ങൾക്കുമെതിരായ പ്രതിഷേധംകൂടിയാണ് ’ചിതാഗ്നി’ എന്ന് വിദ്യാർഥികൾ പറഞ്ഞു.
വിദ്യാർഥികൾ ഒരോരുത്തരും അവരവരുടെ വീടുകളിൽവെച്ച് പാടിയ ഭാഗങ്ങൾ പിന്നീട് എഡിറ്റിങ്ങിലൂടെ ഒന്നിച്ചുചേർക്കുകയായിരുന്നു. രജിത്ത് രാജേഷ്, അഭിരാം ശങ്കർ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം. വരികൾ എഴുതിയത് ശ്രീനന്ദിനി നന്ദകുമാർ, തോമസ് പയസ് എന്നിവർ.