ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ആരോപിച്ച് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ ബാബു വിജയിച്ചത്.
കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. ബാബുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാബുവിനെ ഹർജി തള്ളിയ കോടതി കേസ് തുടരാൻ അനുമതി നൽകി.
കെ. ബാബു അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് എതിർ സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം എം. സ്വരാജ് ഉയർത്തിയിരുന്നു.
കൃത്യമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അനുകൂല ഉത്തരവുണ്ടായതെന്ന് എം സ്വരാജിൻ്റെ അഭിഭാഷകൻ അഡ്വ കെ എസ് അരുൺകുമാർ പറഞ്ഞു
എന്നാല്‍, ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് കെ ബാബു പ്രതികരിച്ചു. നിയമോപദേശവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് സ്വാമി അയ്യപ്പന്‍റെ പടം വെച്ച് സ്ലിപ്പ് അടിച്ചിട്ടില്ലെന്നും ബാബു പറഞ്ഞു.