സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ അനിശ്ചിതത്വം. നടി രഞ്ജിനിയുടെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ നിലപാട് എടുത്തത്.
റിപ്പോർട്ട് പുറത്തു വിടുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് തീരുമാനം. റിപ്പോർട്ട് വൈകുന്നതിൽ, വിവരാവകാശ കമ്മീഷൻ സാംസ്‌കാരിക വകുപ്പിനോട് വിശദീകരണം തേടി.
നാലര വർഷം നീണ്ടുനിന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാനിരുന്നത്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ട്, പുറത്തുവിടാനാൻ സർക്കാർ തീരുമാനിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളിയതിനു പിന്നാലെയായിരുന്നു നടപടി.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോർട്ട് കൈമാറുമെന്നും സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നു.
എന്നാൽ ഇതിനിടെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ കോടതിയെ സമീപിച്ചെന്നു ചൂണ്ടിക്കാട്ടി നടി രഞ്ജിനി രംഗത്തെത്തി. മൊഴി നൽകിയ തനിക്ക് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും തന്റെ മൊഴി എങ്ങനെയാണ് റിപ്പോർട്ടിലുള്ളതെന്നു അറിയാനുള്ള അവകാശമുണ്ടെന്നും രഞ്ജിനി അറിയിച്ചു.
ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്ന കാര്യം സർക്കാരിനെ അറിയിച്ചതിനാൽ ഇന്ന് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തിൽ സാംസ്കാരിക വകുപ്പ് എത്തി. നിലവിൽ രഞ്ജിനിയുടെ ഹർജിയിൽ സ്റ്റേ കൂടി വരാത്ത സാഹചര്യത്തിൽ തൽക്കാലം റിപ്പോർട്ട് പുറത്തു വിടേണ്ട എന്ന തീരുമാനത്തിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്.
റിപ്പോർട്ട് കൈമാറുന്നത് വൈകുന്നതിൽ, മാധ്യമ പ്രവർത്തകരുടെ പരാതിയിൽ വിവരാവകാശ കമ്മീഷൻ സാംസ്‌കാരിക വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.