സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ ഔദ്യോഗിക പരിശോധനാഫലവും പോസിറ്റീവായി. പോണ്ടിച്ചേരിയില്‍ നിന്നുള്ള പിസിആര്‍ പരിശോധനാഫലമാണ് പോസിറ്റീവായത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.
അതേ സമയം അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്നുള്ള മരുന്നെത്തി. ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിനാണ് ജർമനിയിൽ നിന്നെത്തിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് മസ്തിഷ്ക ജ്വരത്തിന്റെ മരുന്നുകൾ വിദേശത്തു നിന്ന് എത്തിക്കുന്നത്. അസുഖം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ഡോ. ഷംസീർ വയലിലാണ് മരുന്ന് എത്തിച്ചത്. ആദ്യ ബാച്ചാണ് തിരുവനന്തപുരത്ത് എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ബാച്ച് മരുന്നുകൾ എത്തിക്കുമെന്നാണ് സൂചന.
ഏകദേശം 3.19 ലക്ഷം രൂപ വിലമതിക്കുന്ന ഒരു പെട്ടിയിൽ 56 മരുന്നുകളുണ്ടാകും. ജർമനിയിൽ മാത്രം ലഭ്യമായ മരുന്ന് ഇന്ത്യയിലെത്തിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഒരുപാടുണ്ടായിരുന്നെങ്കിലും ഡോക്ടർ ഷംസീറിൻ്റെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു.
1980-കളിൽ കാൻസർ വിരുദ്ധ ഏജൻ്റായി വികസിപ്പിച്ചെടുത്ത മരുന്നാണ് മിൽറ്റിഫോസിൻ. 12 വയസോ അതിലധികമോ പ്രായമുള്ള രോഗികളിൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. ഇംപാവിഡോ എന്ന പേരിലും അറിയപ്പെടുന്ന മിൽറ്റിഫോസിൻ, അസുഖം ഭേദമാക്കുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മരുന്ന് സംസ്ഥാനത്തെത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്. മരുന്ന് വഴി രോഗത്തെ പൂർണമായും പ്രതിരോധിക്കാമെന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രതീക്ഷ.