അന്തരിച്ച സിപിഐഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ടുള്ള പെണ്‍മക്കളുടെ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കൽ കോളേജിൻ്റെ നടപടി ശരിവെച്ചാണ് ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിനായി കൈമാറിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് പെൺമക്കളായ ആശ ലോറൻസ്,സുജാത ബോബൻ എന്നിവരാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. . ലോറന്‍സിന്റെ മകനും സിപിഐഎം നേതാക്കളും ചേര്‍ന്ന് മൃതദേഹം പഠനാവശ്യത്തിന് മെഡിക്കല്‍ കോളേജിന് കൈമാറിയത് കൂടിയാലോചന നടത്താതെയെന്നായിരുന്ന ഹർജിക്കാരുടെ വാദം.സെപ്റ്റംബര്‍ 21നായിരുന്നു എം.എം ലോറന്‍സിന്റെ മരണം. ലോറൻസിൻ്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം വൈദ്യപഠനത്തിനായി വിട്ടു നൽകിയതെന്നായിരുന്നു മൂത്തമകൻ സജീവൻ്റെയും സാക്ഷികളുടെയും വാദം