അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റം നിഷേധിച്ച് പി ജയരാജനും ടി വി രാജേഷും. കള്ളക്കേസ് ആണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ടി വി രാജേഷ് പറഞ്ഞു. പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിലെ എല്ലാ പ്രതികളും കൊച്ചിയിലെ സി ബി ഐ കോടതിയിൽ ഹാജരായി.
അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നടപടി തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രതികള കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും, നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും സിബിഐ കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ
പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരായി.
കുറ്റപത്രം വായിച്ചു കേട്ട പ്രതികൾ കുറ്റം നിഷേധിച്ചു. എന്നാൽ പ്രതികൾക്കെതിരെ സാക്ഷിമൊഴികൾ അടക്കം കൃത്യമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
അതേസമയം, നിരപരാധിത്വം തെളിയിക്കുമെന്ന് ടിവി രാജേഷ് പ്രതികരിച്ചു.
പി.ജയരാജൻ പ്രതികരിക്കാൻ തയ്യാറായില്ല. മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിൻറെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. ഷുക്കൂറിന്റെ മാതാവ് നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായാണ് കേസ് സിബിഐക്ക് വിട്ടത്