Share this Article
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികൾക്കെതിരെ നടപടികളുമായി മുന്നോട്ടു പോകാമെന്ന് നിയമപദേശം
Legal advice that action can be taken against the accused in the case of scissors being stuck in the stomach

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികൾക്കെതിരെ നടപടികളുമായി മുന്നോട്ടു പോകാമെന്ന് പൊലീസിന് നിയമപദേശം. കോഴിക്കോട് ജില്ലാ ഗവൺമെൻറ് പ്ലീഡർ എം. വിജയകുമാറാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയത്. ഇതോടെ പോലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡോക്ടർമാർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് ഇനി പൊലീസിന് നീങ്ങാനാവും.

പ്രസവ ശസ്ത്രക്രിയ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലാണ് നിയമനടപടികളുമായി മുന്നോട്ടു പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണത്തിൽ നാലുപേർ കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

രണ്ട് പിജി ഡോക്ടർമാരും രണ്ട് നഴ്സുമാരുമാണ് ഇതിൽ കുറ്റക്കാരൻ എന്ന പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നു. എന്നാൽ സർക്കാർ സർവീസിൽ ഇരിക്കുന്നവരായതിനാലും കൃത്യനിർവഹണത്തിനിടെ സംഭവിച്ച പിഴവായതിനാലും ഇവരെ അറസ്റ്റ് ചെയ്യണമെങ്കിൽ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണ്ടി വരും.

ഈ സാഹചര്യത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി കെ സുദർശനന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നിയമോപദേശം തേടിയത്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മാതൃ ശിശു സംരക്ഷണകേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഈ കണ്ടെത്തൽ പിന്നീട് ചേർന്ന ജില്ലാ മെഡിക്കൽ ബോർഡ് തള്ളി. അതും നിയമോപദേശം തേടാൻ പോലീസിനെ പ്രേരിപ്പിച്ച കാര്യമാണ്. ഓണം അവധിക്ക് ശേഷം പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനയുണ്ട്.

നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി കൂടി ലഭ്യമാക്കി ഈ കേസിലുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. അതിനിടെ കെ കെ ഹർഷിന നടത്തുന്ന രണ്ടാംഘട്ട അനിശ്ചിതകാല സത്യഗ്രഹ സമരം തിരുവോണ ദിനത്തിൽ 100 ദിവസം തികയും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories