Share this Article
ഐപിസിയും സിആര്‍പിസിയും ഇല്ലാതാവും;കൂട്ടബലാത്സംഗത്തിന് വധശിക്ഷ; ജീവപര്യന്തം ജീവിതാവസാനംവരെ; ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം; ബില്ലുകള്‍ സഭയില്‍
വെബ് ടീം
posted on 11-08-2023
1 min read
govt tables bills in ls to end british era laws of ipc crpc evidence act says will transform criminal justice system

ന്യൂഡല്‍ഹി: ബ്രിട്ടിഷ് കാലത്തു നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), തെളിവു നിയമം എന്നിയ്ക്കു പകരമുള്ള മൂന്നു ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ക്രിമിനല്‍ നീതി നിര്‍വഹണ സംവിധാനത്തെ സമഗ്രമായി പരിഷ്‌കരിക്കുന്നതാണ് നിര്‍ദിഷ്ട നിയമങ്ങളെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ഐപിസിക്കു പകരമുള്ള ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) ബില്‍, സിആര്‍പിസിക്കു പകരമുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) ബില്‍, തെളിവു നിയമത്തിനു പകരമുള്ള ഭാരതീയ സാക്ഷ്യ (ബിഎസ്) ബില്‍ എന്നിവയാണ് അമിത് ഷാ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം റദ്ദാക്കല്‍, ആള്‍ക്കൂട്ട കൊലയ്ക്കും പ്രായപൂര്‍ത്തിയാവാത്ത വരെ ബലാത്സംഗം ചെയ്യുന്നതിനും വധശിക്ഷ തുടങ്ങിയ നിര്‍ദേശങ്ങള്‍ ബിഎന്‍എസിലുണ്ട്. പെറ്റി കുറ്റകൃത്യങ്ങള്‍ക്ക് സാമൂഹ്യ സേവനം ശിക്ഷയായി ബില്‍ നിര്‍ദേശിക്കുന്നു. സായുധ വിപ്ലവം, അട്ടിമറി പ്രവര്‍ത്തനം, വിഘടനവാദം, രാജ്യത്തിന്റെ പരമാധികാരം അപകടത്തിലാക്കല്‍ തുടങ്ങിയവ പുതിയ കുറ്റങ്ങളായി ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. 

ശിക്ഷിക്കലല്ല, നീതി നടപ്പാക്കലാണ് പുതിയ ബില്ലുകള്‍ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രേരകശക്തി എന്ന നിലയിലാണ് ശിക്ഷയെ കാണേണ്ടത്. ബ്രിട്ടിഷുകാര്‍ നിര്‍മിച്ച നിയമങ്ങളില്‍ നിറയെ അടിമത്തത്തിന്റെ അടയാളങ്ങളാണ്. സ്വന്തം ഭരണത്തെ എതിര്‍ക്കുന്നവരെ ശിക്ഷിക്കുക എന്നതായിരുന്നു അവരുടെ നിയമത്തിന്റെ കാതല്‍- അമിത് ഷാ പറഞ്ഞു. ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധനയ്ക്കു വിടണമെന്ന് അമിത് ഷാ സ്പീക്കറോട് അഭ്യര്‍ഥിച്ചു.

കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ, ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചാൽ പ്രതികൾക്ക് വധശിക്ഷ തുടങ്ങിയ മാറ്റങ്ങളാണ് ബില്ലിൽ പറയുന്നത്. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും നൽകും.

തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയിൽ പറയുന്നു.

ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ, ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക് വിടുമെന്ന് അമിത് ഷാ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories