ഗാസയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി കിടന്ന് മരിക്കുന്നത് 'നീതിപരവും ധാര്‍മ്മികവുമാണന്ന ഇസ്രായേല്‍ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചിന്റെ പരാമര്‍ശത്തില്‍ രോഷം പ്രകടിപ്പിച്ച് ലോക രാജ്യങ്ങള്‍ രംഗത്തെത്തി.
ഇസ്രായേല്‍ ധനമന്ത്രി ബെസാലെല്‍ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കടുത്ത ഭാഷയിലാണ് ലോകരാജ്യങ്ങള്‍ ഇസ്രയേലിന്റെ പ്രതികരണത്തെ അപലപിച്ചത്. ഗാസയിലെ ജനങ്ങളുടെ പട്ടിണി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള എളുപ്പമാര്‍ഗമാണെന്നും സ്‌മോട്രിച്ച് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഇതോടെ ലോകരാജ്യങ്ങള്‍ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. യൂറോപ്യന്‍ യൂണിയന്‍, യുകെ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബെസാലെലിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.
ഗാസയിലെ പട്ടിണിയെ പരിഹസിച്ച ഇസ്രയേല്‍ ധനമന്ത്രിയുടെ പരാമര്‍ശം തികച്ചും അസ്വീകാര്യവും അതിരുകടന്നതുമാണെന്ന് ഫ്രാന്‍സ് പ്രതികരിച്ചു. യുദ്ധമുനമ്പിലും പൗരന്മാരുടെ മാനുഷികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഭക്ഷണവും വെള്ളവും എന്ന അടിസ്ഥാന ആവശ്യങ്ങള്‍ നിരസിക്കുന്നത് എതിര്‍ക്കപ്പെടണമെന്നും ജര്‍മ്മനി വ്യക്തമാക്കി.
പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. പത്ത് മാസത്തിലേറെയായി തുടരുന്ന ഗാസ ഇസ്രായേല്‍ സംഘര്‍ഷം ഗുരുതരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ച് മുന്നേറുകയാണ്. ഏകദേശം 2.4 ദശലക്ഷം പലസ്തീനുകാരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു.
യുദ്ധത്തില്‍ നാല്‍പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയും 1 ലക്ഷത്തോളം പലസ്തീന്‍കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യക്ക് വിചാരണ നേരിടുകയാണ് ഇസ്രയേല്‍. ഇതിനിടയിലാണ് ഇസ്രയേല്‍ ധനമന്ത്രിയുടെ വിവാദ പരാമര്‍ശം.