Share this Article
സംസ്ഥാനത്ത് കോളറ വ്യാപിക്കുന്നു;4 പേര്‍ക്ക് കോളറ, ജാഗ്രത കര്‍ശനമാക്കി ആരോഗ്യവകുപ്പ്
Cholera is spreading in the state; 4 people have cholera, health department has tightened alert

സംസ്ഥാനത്ത് കോളറ വ്യാപിക്കുന്നു. കേരളത്തിൽ 4 പേർക്ക് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസർഗോഡുമാണ് കോളറ സ്ഥിരീകരിച്ചത്. കോളറയുടെ ഉറവിടം കണ്ടെത്താനുള്ള ഊർജ്ജിതമായ പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ അസുഖങ്ങളിലും ആശങ്കയിൽ ആയിരിക്കുകയാണ് സംസ്ഥാനം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെയർ ഹോമിൽ മൂന്നു കുട്ടികൾക്കും കാസർഗോഡ് ഒരാൾക്കുമാണ് നിലവിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ല.

കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യനിലയിലും ഗുരുതര പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെയ്യാറ്റിൻകര കെയർ ഹോമിൽ ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ല.

ശേഖരിച്ച സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്, ശാസ്ത്രീയമായ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമെ രോഗ ഉറവിടം കണ്ടെത്താൻ കഴിയു. കോളറ ലക്ഷണങ്ങളോടെ സംസ്ഥാനത്തിന്റെ മറ്റെവിടെയെങ്കിലും ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് പരിശോധിച്ചു വരുന്നു. വയറിളക്കവും ഛർദ്ദിയും ഉണ്ടായാൽ എത്രയും വേഗം ചികിത്സ തേടണമെന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.

പനി ബാധിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് അനുദിനം കൂടിവരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 13,000 ത്തിന് മുകളിലെത്തി. ഡെങ്കിയും എലിപ്പനിയും ബാധിച്ച് മരണങ്ങൾ സംഭവിക്കുന്നതും ആശങ്ക കൂട്ടുകയാണ്.. ഡിഎംഒ മാരുടെ നേതൃത്വത്തിൽ 15 അംഗ ടീമിനെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്.വരും ദിവസങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിൻറെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനവും കൂടുതൽ ഊർജ്ജിതമാക്കും.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories