Share this Article
'അതിഥി ആപ്പ്' അടുത്ത മാസം മുതല്‍; ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരും; വി ശിവന്‍കുട്ടി
വെബ് ടീം
posted on 30-07-2023
1 min read
new law will be introduced in the state for guest workers

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികളെന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സും തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായും അതിഥി ആപ് അടുത്തമാസം തന്നെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയ്ക്ക്  അവസാനമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സഹപാഠികളും അധ്യപകരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് എത്തിയത്. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഹൃദയഭേദകമായ നിമിഷങ്ങള്‍ക്കാണ് സ്‌കൂള്‍ അങ്കണം സാക്ഷിയായത്. സഹപാഠികളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അധ്യാപകരും നാട്ടുകാരും വിങ്ങിപ്പൊട്ടി. വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി കുട്ടിയുടെ മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

അറസ്റ്റിലായ പ്രതി ബിഹാര്‍ പരാരിയ സ്വദേശി അസഫാക് ആലത്തെ (28) രാവിലെ 11 മണിക്ക് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കു പുറമേ 'പോക്‌സോ' നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. 

ആലുവ തായിക്കാട്ടുകരയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കാണാതായ ബിഹാര്‍ സ്വദേശിയായ 5 വയസ്സുകാരിയെ ഇന്നലെ രാവിലെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിനോട് ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. തായിക്കാട്ടുകര ഗാരിജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലാണ് പെണ്‍കുട്ടി മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമൊത്തു താമസിച്ചിരുന്നത്.

പണം വാങ്ങി സക്കീര്‍ ഹുസൈന്‍ എന്നൊരാള്‍ക്കു കുട്ടിയെ കൈമാറിയെന്നായിരന്നു പ്രതി ആദ്യം പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ 2 സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്തു. ഇതിനിടെ പൊലീസിനു ലഭിച്ച ഫോണ്‍ കോള്‍ വഴിത്തിരിവായി. വെള്ളിയാഴ്ച കുട്ടിയെ പ്രതിക്കൊപ്പം കണ്ടതായി ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പൊലിസിനെ അറിയിച്ചു. പകല്‍ 11.45നു മാര്‍ക്കറ്റ് പരിസരത്തുവച്ച് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയതായി അതിനുശേഷമാണു പ്രതി സമ്മതിച്ചത്. കൂട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനകം കുട്ടിയെ കൊലപ്പെടുത്തിയതായി കരുതുന്നു.

പീഡിപ്പിച്ച ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നു പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories