Share this Article
രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം; തടവ് ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു; അയോഗ്യത നീങ്ങും
വെബ് ടീം
posted on 04-08-2023
1 min read
SC ON RAHUL GANDHI/

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ അനുകൂലവിധി. ഇതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യ നീങ്ങി. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. സൂറത്ത് സിജെഎം കോടതിയുടെ വിധി സ്റ്റേ ചെയ്യാനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യമാണ് ഇതോടെ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ബിആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുല്‍ ഗാന്ധി ഹര്‍ജി പരിഗണിച്ചത്.

ഇരുവിഭാഗത്തിനും അവരുടെ വാദമുഖങ്ങൾ ഉയർത്താൻ 15 മിനിട്ട് വീതം കോടതി അനുവദിച്ചിരുന്നു. പൂര്‍ണേഷ് മോദിയുടെ യഥാര്‍ത്ഥ സര്‍നെയിം മോദിയെന്നല്ല മോദ് എന്നാണെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാണിച്ചു. അദ്ദേഹം സര്‍നെയിം പിന്നീട് മാറ്റുകയായിരുന്നു എന്ന വാദവും സിംഗ്‌വി ഉയർത്തി. തൻ്റെ കക്ഷിയുടെ സർ നെയിം മോദി എന്ന് തന്നെയാണെന്ന് മഹേഷ് ജെത്മലാനി ചൂണ്ടിക്കാണിച്ചു. കേസ് നിലനിൽക്കില്ല, ഏതെങ്കിലും ഒരു വിഭാഗത്തെ മന:പൂർവ്വം അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശം രാഹുൽ ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന വാദമാണ് അഭിഷേക് സിംഗ്‌വി മുന്നോട്ടുവച്ചത്. രാഹുൽ ഗാന്ധി പേരെടുത്ത് പറഞ്ഞ ആരും കേസുമായി വന്നിട്ടില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാണിച്ചിരുന്നു. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സിംഗ്‌വി പരാമർശിച്ചപ്പോൾ കോടതിയിൽ രാഷ്ട്രീയം പറയണ്ട അത് രാജ്യസഭയിൽ പറഞ്ഞാൽ മതിയെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞിരുന്നു.

നേരത്തെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. സ്റ്റേ അനുവദിക്കാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായിട്ടായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

രാഹുലിന്റേത് ധാര്‍മിക അധഃപതനമാണെന്നാണ് വിചാരണക്കോടതി ജഡ്ജി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനം എന്തെന്ന് സിങ്വി ചോദിച്ചു. ഏതെങ്കിലും നിയമത്തിന്റെയോ കോടതി വിധിയുടെയോ അടിസ്ഥാനത്തിലാണോ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്? പരമാവധി ശിക്ഷ വിധിക്കുന്നതിന് തട്ടിക്കൊണ്ടുപോവലോ കൊലപാതകമോ ബലാത്സംഗമോ അല്ല രാഹുലിന്റെ പേരിലുള്ള കുറ്റം. എട്ടു വര്‍ഷമാണ് ഇതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നതെന്ന് സിങ്വി ചൂണ്ടിക്കാട്ടി.

സമാനമായ കുറ്റങ്ങള്‍ ചെയ്തതായി വിധിയില്‍ പറയുന്നുണ്ടല്ലോയെന്നു കോടതി ഓര്‍മിപ്പിച്ചപ്പോള്‍ ഒരു കേസിലും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ലെന്ന് സിങ്വി പറഞ്ഞു. കേസുകളെല്ലാം ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ നല്‍കിയതാണെന്നും സിങ്വി വാദിച്ചു. ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഒരാള്‍ അയോഗ്യത നേരിടുകയാണ്. കേസ് നിലനില്‍ക്കാനുള്ള സാധ്യത ഇല്ലെന്നു തോന്നിയതുകൊണ്ടാവാം വയനാട് ഉപതെരഞ്ഞെടുപ്പിന് ഇനിയും വിജ്ഞാപനം ഇറക്കാത്തതെന്ന് സിങ്വി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വേണ്ടെന്ന കോടതിയുടെ പ്രതികരണത്തെത്തുടര്‍ന്ന് ഇത് സിങ്വി പിന്‍വലിച്ചു.

വാട്‌സ്ആപ്പിലൂടെ ലഭിച്ച പത്ര കട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. തെളിവു നിയമം അനുസരിച്ച് ഇതു നിലനില്‍ക്കില്ല. രാഹുല്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നതിന് ഒരു തെളിവുമില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് 21 മാസത്തിനു ശേഷം സാക്ഷിയായി ബിജെപി നേതാവിനെ കണ്ടെത്തുകയായിരുന്നും സിങ്വി പറഞ്ഞു. 

രാഹുലിന്റെ പ്രസംഗം നേരിട്ടു കേട്ടയാളാണ് സാക്ഷിയെന്ന്, പൂര്‍ണേഷ് മോദിക്കു വേണ്ടി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു.  പ്രധാനമന്ത്രിയുടെ പേരു വച്ച് മോദി സമൂദായത്തെ മുഴുവന്‍ അപമാനിക്കലായിരുന്നു രാഹുലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മോദി സമുദായത്തില്‍പ്പെട്ട ആര്‍ക്കും കേസ് നല്‍കാന്‍ അവകാശമുണ്ടെന്ന് ജഠ്മലാനി വാദിച്ചു. 

കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ അയോഗ്യത വരുന്നത് ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ്. ഇപ്പോള്‍ സ്‌റ്റേ ആവശ്യപ്പെട്ട് ആ വിധി മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് ജഠ്മലാനി പറഞ്ഞു. മണ്ഡലത്തിനു പ്രതിനിധിയില്ലാതാവുന്നത് പ്രശ്‌നമാണെന്ന് കോടതി ഇതിനോടു പ്രതികരിച്ചു. വിചാരണക്കോടതി പരമാവധി ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇതു എന്തുകൊണ്ടെന്ന വിശദീകരണം ആവശ്യമാണെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories