César Pelli biography: ഏത് രാജ്യങ്ങളിലായാലും തലയുയര്‍ത്തിനില്‍ക്കുന്ന ഒരു മനുഷ്യനുണ്ട്.അതാണ് സീസര്‍പെല്ലി. ക്വലാലംപൂരില്‍,ന്യൂയോര്‍ക്കില്‍,കാലിഫോര്‍ണിയയില്‍,ലണ്ടനില്‍,ടോക്കിയോയില്‍ അങ്ങനെ ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സീസര്‍ പെല്ലിയുടെ സാന്നിധ്യമുണ്ട്.
പെട്രോനാസ് ടവേഴ്‌സ് ( Petronas Towers )
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ അംബരചുംബികളിലൊന്നായ ക്വലാലംപൂരിലെ പെട്രോനാസ് ടവേഴ്‌സാണ് ( Petronas Towers in Kuala Lumpur ) പെല്ലിയുടെ മികച്ച പ്രൊജക്ടുകളില്‍ ഒന്ന്. 1998ല്‍ നിര്‍മിച്ച 88 നിലകളുള്ള പെട്രോണാസ് ഇരട്ടടവറിന്റെ ഉയരം 1483 അടിയാണ്. ഈ ഇരട്ടടവര്‍ പ്രധാനമായും നിര്‍മിച്ചിരിക്കുന്നത് കോണ്‍ക്രീറ്റ് കൊണ്ടാണ്. പെട്രോണാസിന്റെ ഇരു ടവറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കുറുകെ ഒരു പാലവും ഉണ്ട്.
ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്ററാണ് ലോകത്തെ വിസ്മയിപ്പിച്ച പെല്ലിയുടെ മറ്റൊരു നിര്‍മിതി.അംബരചുംബിയായ ജപ്പാനിലെ ഒസാക്ക നഗരത്തില്‍ പണിത നാഷണല്‍ മ്യൂസിയം ഓഫ് ആര്‍ട്ട് കെട്ടിടവും ലണ്ടനിലെ വണ്‍കാനഡ സെന്ററും സാന്‍ഫ്രാന്‍സിസ്‌കോയിലെ സേല്‍സ്‌ഫോഴ്‌സ് ട്രാന്‍സിറ്റ് ടവറും കോസ്റ്റാമെസ്സയിലെ പ്ലാസാ ടവറും ചിലിയിലെ ഗ്രാന്‍ടോറെ സാന്റിയാഗോയും മിനാപൊളിസ് സെന്‍ട്രല്‍ ലൈബ്രറിയും സിറ സെന്ററും സെവില്ല ടവറും പെല്ലിയുടെ പ്രശസ്ത നിര്‍മിതികളില്‍ ഉള്‍പ്പെടുന്നു.
ആരായിരുന്നു സീസര്‍ പെല്ലി? ( Why is Cesar Pelli important?)
ലോകാദ്ഭുതങ്ങള്‍ സൃഷ്ടിച്ച മനുഷ്യന്‍, ഓരോ നിര്‍മാണവും ഒന്നിനൊന്ന് മികച്ചത്, 1926ല്‍ അര്‍ജന്റീനയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച സീസര്‍ പെല്ലിയെ വിശ്വപൗരനാക്കുന്നതും മറ്റൊന്നല്ല.അര്‍ജന്റീനയിലെ ടുകുമാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പെല്ലി പഠനം പൂര്‍ത്തിയാക്കിയത്.സ്റ്റീലും വെനീറും ഗ്ലാസും സ്‌റ്റോണുമൊക്കെ ചേര്‍ന്ന നിര്‍മിത ശൈലിയില്‍ തുടക്കം തൊട്ടേ തല്‍പരനായിരുന്നു പെല്ലി. ആകാശം മുട്ടി നില്‍ക്കുന്ന നിര്‍മാണ ശൈലിയോട് പ്രത്യേക ഇഷ്ടവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
വാസ്തുവിദ്യാസമൂഹത്തിനകത്ത് നിരവധി രാജ്യങ്ങളെ ചുറ്റിപ്പറ്റിയുള്ള തന്റെ അതുല്യമായ സൃഷ്ടികള്‍ക്ക് പെല്ലി ഏറെ പ്രശംസിക്കപ്പെട്ടു.പെട്രോണാസ് ടവറിന്റെ നിര്‍മാണത്തിന് ആഗാഖാന്‍ പുരസ്‌കാരവും സീസര്‍ പെല്ലിയെ തേടിയെത്തിയിട്ടുണ്ട്.1991ല്‍ അമേരിക്കയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള ശില്‍പിയായി പെല്ലിയെ തെരഞ്ഞെടുത്തിരുന്നു. 2019 ജൂലൈ 21ന് 92ആം വയസിലായിരുന്നു സീസര്‍ പെല്ലിയുടെ അന്ത്യം.
സീസര്‍ പെല്ലി ഓര്‍മയായിട്ട് നാല് വര്‍ഷം
ലോകം എന്നും സ്മരിക്കുന്ന വന്‍ മന്ദിരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച വാസ്തുശില്‍പി സീസര്‍ പെല്ലി ഓര്‍മയായിട്ട് ഇന്ന് നാല് വര്‍ഷം. ലോകമാകെ ഒട്ടേറെ തിയേറ്ററുകള്‍ക്കും സാസ്‌കാരിക കേന്ദ്രങ്ങള്‍ക്കും രൂപം കൊടുത്ത ശില്‍പി കൂടിയായിരുന്നു പെല്ലി.