യുദ്ധം ശക്തമായ ഗാസയിലെ ജനജീവിതം ദുരിതമെന്ന് യു.എന്‍. ഉപജീവനമാര്‍ഗം പോലും ഇല്ലാതായെന്ന് യുഎന്‍ വനിതാ അംഗം മേരിസ് ഗൈമോണ്ട് വ്യക്തമാക്കി. ഏതാണ്ട് ഒമ്പത് മാസത്തെ സംഘര്‍ഷത്തിന് ശേഷവും ഗാസ ഇപ്പോഴും യുദ്ധത്തിന്റെ പിടിയിലാണെന്നാണ് യുഎന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബറില്‍ തുടങ്ങിയ യുദ്ധം അനന്തമായി നീളുന്നതിനിടെ ഗാസയില്‍ ഒരാഴ്ചത്തെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം യുഎന്‍ വനിതകളുടെ ഫലസ്തീന്‍ ഓഫീസില്‍ നിന്നുള്ള മേരിസ് ഗൈമോണ്ട് യുഎന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
യുദ്ധം തുടങ്ങി മാസങ്ങള്‍ പിന്നിടുമ്പോഴും പാലസ്തീന്‍ അഭയാര്‍ഥികള്‍ അഭയകേന്ദ്രങ്ങളില്‍ നയിക്കുന്നത് ദുരിത ജീവിതമാണ്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി നടത്തുന്ന അഭയകേന്ദ്രത്തില്‍ 14000 പേര്‍ക്ക് 25 ടോയ്ലറ്റുകള്‍ മാത്രമാണ് ഉള്ളത്.
മറ്റ് 59,000 പേര്‍ പുറത്താണ് ക്യാമ്പ് ചെയ്യുന്നത്. ഗാസയില്‍ 1 ദശലക്ഷത്തിലധികം ആളുകള്‍ നിരന്തരം കുടിയൊഴിപ്പിക്കപ്പെടുന്നുവെന്നും സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതമല്ലെന്നും അവരില്‍ പലരും ഇതിനകം തന്നെ പലതവണ പലായനം ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
റോഡുകള്‍, കൃഷിഭൂമി, തകര്‍ന്ന കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ ലഭ്യമായ എല്ലാ തുറസ്സായ സ്ഥലങ്ങളിലേക്കും ആളുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും സംഘര്‍ഷം കൂടുതല്‍ നാശവും കൊലപാതകവും കൊണ്ടുവരുന്നതിനാല്‍ ഗാസയിലെ ജനങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ്.
കുട്ടികള്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ തനിക്ക് ഉത്തരമില്ലെന്നും അവര്‍ പറഞ്ഞു. ഈ യുദ്ധത്തിന്റെ ആഘാതം ഏറ്റുവാങ്ങിയ ഗാസയിലെ ജനങ്ങളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കേണ്ടത് നിര്‍ണായകമാണ്. ഇതുവരെ 37,390ലേറെ പാലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.