ഉത്തരകാശിയില്‍ തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനായില്ല. 40 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 40 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് 120 മണിക്കൂര്‍ പിന്നിട്ടു.
അതേസമയം രക്ഷാപ്രവര്‍ത്തനം ഇപ്പോൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 25 മീറ്റര്‍ തുരന്നശേഷമാണ് ദൗത്യം നിര്‍ത്തിവെച്ചത്. ലോഹഭാഗത്ത് ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടത്. പുതിയ ഓഗര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ദൗത്യമാണ് ഇതുവരെ പുരോഗമിച്ചിരുന്നത്. ഇന്നു തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇതോടെ പ്രതിസന്ധിയിലായത്.
തൊഴിലാളികളുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട്. തായ്‌ലന്‍ഡിലെയും നോര്‍വേയിലെയും എലൈറ്റ് റെസ്‌ക്യൂ ടീമുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. 2018ല്‍ തായ്ലന്‍ഡിലെ ഒരു ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ വിജയകരമായി രക്ഷിച്ചതുള്‍പ്പെടെയുള്ള ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ചരിത്രവും ഈ ടീമിനുണ്ട്.
24 മീറ്ററോളം തുരങ്കം തുരന്ന് കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് ഭക്ഷണവും ഓക്സിജനും വിതരണം ചെയ്യുന്നതിനായി നാല് പൈപ്പുകളാണ് ഇതുവരെ ഘടിപ്പിച്ചിട്ടുള്ളത്. സില്‍ക്യാര ടണലിന്റെ ഒരു ഭാഗം നവംബര്‍ 12നാണ് തകര്‍ന്നത്. 4,531 മീറ്റര്‍ നീളമുള്ള സില്‍ക്യാര ടണല്‍ കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമാണ്.