Share this Article
കൊടി സുനിക്ക് ട്രെയിനിൽ കയ്യാമം വയ്ക്കാതെ യാത്ര; വിഡിയോ പങ്കുവച്ച് കെ കെ രമ എംഎൽഎ
വെബ് ടീം
posted on 22-08-2023
1 min read
KODI SUNI TRAIN JOURNEY VIDEO

ടിപി വധക്കേസ് പ്രതി കൊടി സുനിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കയ്യാമം വയ്ക്കാതെ ട്രെയിനിൽ കൊണ്ടു വന്നതിൽ വിമർശനവുമായി കെകെ രമ എംഎൽഎ. പുറത്തു വന്ന വിഡിയോ കെ കെ രമ എംഎൽഎ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. സുനിക്കൊപ്പം മറ്റൊരു പ്രതിയായ അനൂപുണ്ടെന്നും കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കെകെ രമ പറയുന്നു. പരോളിൽ ഇറങ്ങിയതിനു ശേഷമാണോ ഇയാൾ കുറ്റകൃത്യം ചെയ്തത് എന്നും പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത് എന്നും കെ കെ രമ ചോദിച്ചു.

കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ടി.പി വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വി.ഐ.പി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പർ പ്രകാരം ഒരു കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്.

ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആർ? പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?

കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories