ശബരിമല പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് എഡിജിപി എം.ആര്‍ അജിത് കുമാറിനെ നീക്കി. പകരം പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായി എഡിജിപി എസ്.ശ്രീജിത്തിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നാലെയാണ് ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് നീക്കുന്നത്.
അജിത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈയില്‍ ഇറങ്ങിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്. അജിത്ത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കത്ത് നല്‍കിയിരുന്നു.
ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ എഡിജിപിയെ നിയമിക്കുകയാണ് എന്നാണ് ഉത്തരവിലുള്ളത്.