ഏഴ് വര്‍ഷത്തിനിടെ കേരളത്തില്‍ ഇത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. മൂന്ന് തവണയും കോഴിക്കോട് ജില്ലയിലായിരുന്നു നിപ ഭീതി പരത്തിയത്. സംസ്ഥാനത്ത് ഇതുവരെ ഇരുപതോളം പേര്‍ നിപ ബാധിച്ച് മരിച്ചിട്ടുണ്ട്.
2018 മേയ് 17നാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവാവിനായിരുന്നു രോഗം ആദ്യം സ്ഥിരീകരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനി അടക്കം 18 പേര്‍ക്ക് ആദ്യ നിപ തരംഗത്തില്‍ ജീവന്‍ നഷ്ടമായി.
ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യ വകുപ്പ് അന്ന് നിപയെ പിടിച്ചുകെട്ടിയെങ്കിലും 2019 ല്‍ വീണ്ടും നിപ ബാധയുണ്ടായി. ആ വര്‍ഷം എറണാകുളം പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗത്തിന്റെ തീവ്രത കുറച്ചു എന്ന് മാത്രമല്ല, രോഗം ഒരാളില്‍ മാത്രം ഒതുക്കി നിര്‍ത്താനും കഴിഞ്ഞു. 2021-ല്‍ കോഴിക്കോട് ജില്ലയില്‍ നിപയുടെ മൂന്നാംവരവ്. ചാത്തമംഗലം പാഴൂര്‍ സ്വദേശിയായ 12-കാരന്‍ മുഹമ്മദ് ഹാഷിമിന് ജീവന്‍ നഷ്ടമായി.
2023ലും കോഴിക്കോട് ജില്ലയില്‍ തന്നെയായിരുന്നു നിപ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപ്പോഴും 2018-ല്‍ ആദ്യമായി രോഗബാധിതനായ യുവാവിന് എവിടെ നിന്ന് എങ്ങനെ രോഗം സ്ഥിരീകരിച്ചു എന്നത് ഇന്നും അജ്ഞാതമാണ്.