ന്യൂയോര്‍ക്ക്: നടുറോഡില്‍ കാറുകളിൽ സഞ്ചരിക്കുന്നവർക്കെതിരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറിടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ്. യുഎസിലെ നാസോയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പേര് വെളിപ്പെടുത്താത്ത 33 വയസുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നോര്‍ത്ത് ബെല്‍മോറില്‍ ബെല്‍മോര്‍ അവന്യുവിനും ജറുസലേം അവന്യൂവിനും മധ്യേയായിരുന്നു സംഭവം. ട്രാഫിക്കില്‍ കിടന്ന കാറുകളിലെ കുടുംബാംഗങ്ങള്‍ക്ക് നേരെയും കുട്ടികള്‍ക്ക് നേരെയും നിറതോക്ക് ചൂണ്ടിയാണ് യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒരു തവണ വെടിയുതിര്‍ക്കുകയും ചെയ്തു.
പൊലീസ് എത്തിയപ്പോഴേക്കും സ്വയം തോക്കുചൂണ്ടി പ്രതിരോധിക്കുകയായിരുന്നു. തോക്ക് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു. തുടര്‍ന്നു പൊലീസ് കാറിടിച്ചു വീഴ്ത്തി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. അപകടത്തില്‍ നിസാര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'നിറതോക്കാണ് യുവതി ചൂണ്ടിയത്. കൂട്ടികള്‍ക്കും കുടുംബങ്ങള്‍ക്ക് നേരെയും തോക്കുചൂണ്ടി കടുത്ത ഭയപ്പാടാണ് സൃഷ്ടിച്ചത്. കാറോടിച്ച ഞങ്ങളുടെ 'ഹീറോ' മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിട്ടത്. യുവതി ഉയര്‍ത്തിയ കടുത്ത ഭീഷണി മികച്ചരീതിയില്‍ അദ്ദേഹത്തിന് പ്രതിരോധിക്കാനായി. ഇവരുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ്'-നസോ പൊലീസ് കമ്മിഷണര്‍ പാട്രിക് റൂഡര്‍ പറഞ്ഞു.