ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. ശനിയാഴ്ച രാവിലെ സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് ലെബനനിൽ നിന്ന് ഡ്രോണുകൾ എത്തുകയായിരുന്നു.
സംഭവത്തിൽ ഇസ്രായേൽ പ്രധാനമന്ത്രിയുടെ വസതിക്കു മേൽ ബോംബ് പതിച്ചതായി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ആക്രമണ സമയത്ത് നെതന്യാഹു സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന വിശദീകരണമാണ് ഇസ്രയേൽ പുറത്ത് വിടുന്നത്.
എത്തിയത് മൂന്ന് മിസൈലുകൾ
ലെബനനിൽനിന്ന് മൂന്ന് മിസൈലുകൾ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് ഒരു കെട്ടിടത്തിൽ പതിച്ചു. ബാക്കി രണ്ടെണ്ണം തകർത്തതായാണ് ഇസ്രായേലിൻ്റെ അവകാശവാദം.
സീസറിയ നടുങ്ങി
സീസറിയയിൽ ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി ഇസ്രായേൽ പൊലീസും അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് പൊലീസ് സംഘം എത്തിയിട്ടുണ്ട്. ഇവിടെ പരിശോധന പുരോഗമിക്കുകയാണ്. നെതന്യാഹുവിന്റെ വസതി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇവിടെ ആക്രമണത്തിനു മുൻപ് അപായ സൈറണുകൾ പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
സീസറിയയില്‍ നെതന്യാഹുവിന്‍റെ വസതിയുടെ പരിസരത്ത് നിരവധി ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.