തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. സ്പീക്കറാണെന്നറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ആരോപണം. എന്നാല്‍ സംഭവത്തിൽ ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെ പിന്തുണച്ച് റെയിൽവെ ജീവനക്കാരുടെ സംഘടന എസ്ആർഎംയു രംഗത്ത് വന്നു.ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന പറഞ്ഞു. ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്നാണ് ടിടിഇമാരുടെ യൂണിയന്‍ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ വരുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ ടിടിഇആയ പത്മകുമാര്‍ മോശമായി പെരുമാറിയെന്ന് സ്പീക്കര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടസ്ഥാനത്തിലാണ് വന്ദേഭാരതിലെ ഡ്യൂട്ടിയില്‍ നിന്നും ഇഎസ് പത്മകുമാറിനെ ഒഴിവാക്കിയത്.
എന്നാല്‍ സ്പീക്കറോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ടിടിഇമാരുടെ യൂണിയന്‍ പറയുന്നത്. താഴ്ന്ന ക്ലാസില്‍ ടിക്കറ്റ് എടുത്ത സുഹൃത്ത് ഉയര്‍ന്ന ക്ലാസില്‍ സ്പീക്കര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. അതിനെ ചോദ്യം ചെയ്യുകയും മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് ഒരു തര്‍ക്കത്തിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ സ്പീക്കര്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ടിടിഇ സ്പിക്കര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.