ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയക്കൊടി പാറിച്ചപ്പോൾ തുടര്‍ച്ചയായി അഞ്ചാം തവണയും സിപിഐഎം സ്ഥാനാര്‍ഥി യൂസഫ് തരിഗാമി മിന്നും ജയം നേടി.നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ന്നാണ് ഇത്തവണ സിപിഐഎം ജമ്മു കശ്മീരില്‍ മത്സരിച്ചത്. ശക്തമായ മത്സരമായിരുന്നു കുല്‍ഗാമില്‍ നടന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സയ്യര്‍ അഹ്‌മദ് റേഷി കുല്‍ഗാമില്‍ തരിഗാമിക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നു.
ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് ജമാഅത്തെ ഇസ്ലാമി, റേഷിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി നിര്‍ത്തിയതെന്ന് തരിഗാമി ആരോപണമുന്നയിച്ചിരുന്നു. സിപിഐഎമ്മിനെ തോല്‍പ്പിക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 1996 മുതല്‍ കുല്‍ഗാമിന്റെ എംഎല്‍എയാണ്. 1996ന് ശേഷം 2002, 2008, 2014 തെരഞ്ഞെടുപ്പുകളില്‍ കുല്‍ഗാമില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചു. ജമ്മു കശ്മീര്‍ നിയമസഭയില്‍ എത്തിയ ഏക കമ്യൂണിസ്റ്റ് നേതാവ് കൂടിയാണ് തരിഗാമി.
2014ല്‍ കശ്മീരില്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായ നസീര്‍ അഹ്‌മ്മദിനെ 20240 വോട്ടുകള്‍ക്കാണ് തരിഗാമി പരാജയപ്പെടുത്തിയത്.
കശ്മീരിലെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്ര നടപടിക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ വ്യക്തികൂടിയാണ് തരിഗാമി. ഇതിന് പിന്നാലെ 2019ല്‍ തരിഗാമിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനായി രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവുകൂടിയാണ് ഇദ്ദേഹം.
സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന തരിഗാമി രാഷ്ട്രീയ ജീവിതത്തിനിടെ നേരിട്ട കൊടിയ പീഡനങ്ങൾക്കു കൈയ്യും കണക്കുമില്ല. സിപിഐഎം നേതാവായിരുന്ന അബ്ദുൽ കബീർ വാനിയുടെ സ്വാധീനത്തിലാണ് യൂസഫ് തരിഗാമി കമ്യൂണിസ്റ്റായി രൂപപ്പെട്ടത്. പതിനെട്ടാം വയസിൽ സുഹൃത്തും ഇപ്പോഴത്തെ സിപിഐഎം ജമ്മു കശ്മീർ സെക്രട്ടറിയുമായ ഗുലാം നബി മാലിക്കും ആദ്യമായി പൊലീസ് അറസ്റ്റിലായി.
അനന്ത്നാഗ് ഡിഗ്രി കോളജുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ ആയിരുന്നു അറസ്റ്റ്, പ്രക്ഷോഭം വിജയിച്ചത് ചരിത്രം. പിന്നീട് ഇരുവരും റവല്യൂഷനറി സ്റ്റുഡന്റ്സ് ആൻഡ് യൂത്ത് ഫെഡറേഷൻ എന്ന പ്രാദേശിക കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായി. കർഷക നേതാവ് അബ്ദുൽ ഖാദറിന്റെ കീഴിൽ ജമ്മു കശ്മീരിലെ വിവിധ കർഷക പ്രക്ഷോഭങ്ങളിൽ തരിഗാമി പങ്കെടുത്തിരുന്നു. സിപിഎമ്മിന്റെ ഭാഗമായതോടെ മുതിർന്ന നേതാവ് രാം പ്യാരെ സറഫുമായി അടുത്ത് ഇടപഴകുകയും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയുമായിരുന്നു.
1967ൽ നിർബന്ധിതമായി അരി സംഭരിക്കുന്നതിനെതിരെ കർഷകരുടെ സമരം ഏറ്റെടുത്തതിനു ജയിലിൽ അടയ്ക്കപ്പെട്ടു. ഇടക്കാലത്ത് സിപിഐ മാർക്സിസ്റ്റ് ലെനിനിസ്റ്റ് എന്ന നക്സലൈറ്റ് ഗ്രൂപ്പുമായി ചേർന്നു പ്രവർത്തിച്ച അദ്ദേഹം ജയിലിൽ ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ട്.
2005ൽ ശ്രീനഗറിലെ കനത്ത സുരക്ഷയുള്ള തുളസിബാഗ് കോളനിയിൽ പ്രവേശിച്ച തീവ്രവാദികൾ തരിഗാമിയുടെയും വിദ്യാഭ്യാസ മന്ത്രി ഗുലാം നബി ലോണിന്റെയും വീടുകൾ ആക്രമിച്ചു, ലോൺ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ കാർഷിക ഭൂമി ഉൾപ്പെടെയുള്ള ഭൂമി വാങ്ങാൻ രാജ്യത്തുടനീളമുള്ള ആളുകൾക്ക് അനുമതി നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ തരിഗാമി നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. പോരാട്ട ചരിത്രവുമായി തരിഗാമി വീണ്ടും നിയമസഭയിലേക്ക് എത്തുമ്പോൾ പലരും കരുതിയിരിക്കണമെന്നു സാരം.