Share this Article
ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ, മതപരമായ ചടങ്ങുകൾക്ക് മാത്രമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്; പിടികൂടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ മ്യൂസിയത്തിൽ കാണേണ്ടി വരുമെന്ന് ഹൈക്കോടതി
വെബ് ടീം
posted on 05-11-2024
1 min read
elephant

കൊച്ചി : ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത്.  

രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം, ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. എഴുന്നള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല. 

ജനങ്ങളെ ആനകൾക്ക് സമീപത്തു നിന്നും 10 മീറ്റർ എങ്കിലും അകലത്തിൽ നിർത്തണം. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോർട്ടിലുണ്ട്.

അതേ സമയം ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് . അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തിൽ കാണാമെന്നും ഹൈക്കോടതി. അമിക്കസ് ക്യൂറിയുടെ ശുപാര്‍ശകള്‍ പരിശോധിക്കട്ടെയെന്നു വ്യക്തമാക്കിയ ഹൈക്കോടതി എഴുന്നള്ളിപ്പ് സംബന്ധിച്ചു അന്തിമ മാര്‍ഗ്ഗ രേഖ ചൊവ്വാഴ്ച്ച പുറത്തിറക്കാമെന്ന് വ്യക്തമാക്കി. വിഷയം വൈകാരികമായതു കൊണ്ട് തന്നെ വിവിധ ദേവസ്വങ്ങള്‍, ആനയുടമകള്‍ എന്നിവരുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്ന് സര്‍ക്കാരും നിലപാടെടുത്തു. ആനകള്‍ ക്രൂരത നേരിടരുതെന്നതാണ് പരിഗണനാ വിഷയമെന്നു ചൂണ്ടിക്കാട്ടിയ കോടതി ആനകളെ നന്നായിട്ട് പരിചരിക്കുമെങ്കില്‍ മാത്രമേ അവയെ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കൂവെന്നും വാക്കാല്‍ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories