തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ പാർപ്പിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച് ആയമാരുടെ കൊടുംക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് ശിക്ഷയായാണ് അയമാർ കുഞ്ഞിനെ ഉപദ്രവിച്ചത്. സംഭവത്തിൽ മൂന്ന് ആയമാർക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്.കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോള്‍ കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ജീവനക്കാര്‍ ഉടന്‍ തന്നെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് കുഞ്ഞിനെ തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പരിശോധനയിലാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ഗുരുതര പരുക്കുണ്ടെന്ന് മനസിലാക്കിയത്. ഉടനടി ജനറല്‍ സെക്രട്ടറി വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
അറസ്റ്റിലായ മൂന്ന് ആയമാരും താത്ക്കാലിക ജോലിക്കാരാണെന്നാണ് വിവരം. എങ്കിലും മൂന്നുപേരും ഏറെ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്നവരാണ്.