ഹൈദരാബാദ്: നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ)ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ഭൂമി ഇടപാടോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദേഹമാസകലം പരിക്കേറ്റ നിലയില്‍ നഗ്‌നമായാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്തു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാര്‍.നെയ്യാര്‍ ഡാമില്‍ കൂട്ടയടി നടന്ന വിവാദ കെഎസ്‌യു ക്യാമ്പില്‍ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു. കെഎസ്‌യു ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍ എത്താനിരിക്കെയാണ് രാജ് സമ്പത്ത് കുമാറിന്റെ മരണം.