Share this Article
കര്‍ണന്റെ കഥ പറഞ്ഞ്,പാട്ടും പാടി വേറിട്ടൊരു വിരമിക്കലുമായി ടോമിൻ ജെ തച്ചങ്കരി
വെബ് ടീം
posted on 31-07-2023
1 min read
DGP TOMIN J THACHANKARY RETIRE FROM SERVICE

തിരുവനന്തപുരം:മഹാഭാരതത്തിലെ കര്‍ണന്റെ കഥ പറഞ്ഞ് കേരളാ പൊലീസിലെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് ടോമിന്‍ ജെ തച്ചങ്കരി. രാവിലെ തിരുവനന്തപുരത്ത് എസ്എപി പരേഡ് ഗ്രൗണ്ടിലായിരുന്നു കേരള പൊലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കിയത്. കേരളാ പൊലീസ് കൈവെച്ചിട്ടില്ലാത്ത ഒരുകാര്യവും മറ്റൊരിടത്തും നിങ്ങള്‍ക്ക് കാണാനാവില്ല. അനവധി ആകര്‍ഷക സംഭവവികാസങ്ങളുടെ രംഗവേദിയാണ് നമ്മുടെ സേനയെന്നും തച്ചങ്കരി പറഞ്ഞു.

തച്ചങ്കരിയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നിന്ന്‌ 

'യദി ഹാസ്തി തദന്യത്ര യന്നേ ഹാസ്തി ന തത് ക്വചിത്'. 'അതായത് ഇവിടെയുള്ളത് മറ്റ് പലസ്ഥലത്തും ഉണ്ടായിരിക്കും. എന്നാല്‍ ഇവിടെയില്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കുകയില്ല. കേരളാ പൊലീസിന്റെ സവിശേഷ ചരിത്രവും ഇതുപോലെയാണ്. കേരള പൊലീസ് കൈകാര്യം ചെയ്ത വിഷയങ്ങള്‍ ഒട്ടനവധിയാണ്. കേരളാ പൊലീസ് കൈവെച്ചിട്ടില്ലാത്ത ഒരുകാര്യവും മറ്റൊരിടത്തും നിങ്ങള്‍ക്ക് കാണാനാവില്ല. അനവധി ആകര്‍ഷക സംഭവവികാസങ്ങളുടെ രംഗവേദിയാണ് നമ്മുടെ സേന'- തച്ചങ്കരി പറഞ്ഞു 

'മഹാഭാരതത്തിലെ സൂര്യോജ്ജോല തേജസ്വോടെ തിളങ്ങി നിന്ന കര്‍ണനാണ് എന്ന ഏറ്റവും ആകര്‍ഷിച്ചിട്ടുള്ളത്. അയോഗ്യതയും അനര്‍ഹരില്‍ നിന്നുപോലും കേള്‍ക്കേണ്ടി വന്ന അപമാനവും മഹാന്‍മാരെന്ന് കരുതിയവരില്‍ നിന്നുപോലും അനുഭവിക്കേണ്ടി വന്ന മാറ്റി നിര്‍ത്തലും. അങ്ങനെ എന്തെല്ലാം. പക്ഷെ..ഒരു പ്രലോഭനത്തിലും തളരാതെ തന്റെതായ ശരികളിലൂടെ അദ്ദേഹം കടന്നുപോയി. അത് ഒരനശ്വര ചരിത്രമാണ്. രാജകുമാരാനായിട്ടും അംഗരാജപദവി മറ്റുള്ളവര്‍ക്ക് നല്‍കേണ്ടി വന്നു. സൂര്യപുത്രനെ സൂതപുത്രനായി കാണാനായിരുന്നു എല്ലാവര്‍ക്കും താത്പര്യം. അസ്ത്രമേല്‍ക്കാത്ത തൊലിയും വേദനയേല്‍ക്കാത്ത ഹൃദയവും ഉണ്ടായിരുന്നില്ല' 

'ഞാന്‍ ഒരു കഥപറയട്ടെ, ഹസ്തിനപുരിയിലെ വിശാലമായ മൈതാനം. വസന്തപൗര്‍ണമി നാള്‍. നോക്കെത്താദുരത്തുള്ള വൃക്ഷത്തില്‍ പാവക്കളി. പെരുമ്പറ മുഴങ്ങുന്നു. കൈയടികളുടെ തിരമാല ഉയരുന്നു. വീരന്‍മാരായി തെരഞ്ഞടുക്കാനുള്ള മത്സരവേദി. ഒരുവശത്ത് അര്‍ജുനന്‍. മറുവശത്ത് സൂര്യതോജസ്വോടെ കര്‍ണന്‍. എല്ലാമറിയാവുന്ന കൃഷ്ണന്‍ മുഖ്യസാക്ഷി. കിളിയുടെ കണ്ണില്‍ അസ്ത്രം പായിക്കണം. ആദ്യ  ഊഴം അര്‍ജുനന്. നിശബ്ദതയെ കീറിമുറിച്ച് അമ്പുപായുന്നു. മൈതാനത്തിന്റെ അറ്റത്തുള്ള വൃക്ഷത്തില്‍ ഉണ്ടായിരുന്ന കിളിയുടെ ശരീരത്തില്‍ അസ്ത്രമുന കൊളളുന്നു. കിളിപ്പാവ താഴെ വീഴുന്നു, കാതടപ്പിക്കുന്ന കൈയടി അര്‍ജുനനായി ഉയരുന്നു. അടുത്ത ഊഴം കര്‍ണനാണ്. കൃഷ്ണനും ഗുരുക്കന്‍മാരും പൗരപ്രമാണിമാരുടെയും നെഞ്ചിടിപ്പിനെ സാക്ഷിയാക്കി കര്‍ണന്റെ അമ്പും പായുന്നു. ലക്ഷ്യം മൈതാനത്തില്‍ സ്ഥാപിച്ചിട്ടുള്ള പാവക്കിളിയെ. പക്ഷെ കര്‍ണന്റെ അമ്പ് മൈതാനവും കടന്ന്, മൈതാനത്തിനകത്തുള്ള വൃക്ഷത്തെയും താണ്ടി, ശിഖരത്തില്‍ ഒളിപ്പിച്ച കിളിയുടെ കൃഷ്ണമണിയും തുരന്ന് അതിനും മൈലുകള്‍ക്കപ്പുറം ഒളിപ്പിച്ചുവച്ച മരത്തിലെ കിളിയുടെ കണ്ണും തുരന്ന് കര്‍ണന്റെ അസ്ത്രം ചെന്നുനില്‍ക്കുന്നു. ഇത് കണ്ട സാക്ഷാല്‍ കൃഷ്ണന്‍ പോലും അമ്പരന്നു. ജേതാവ് ആരാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ വിജയത്തിന്റെ നിലത്താമര അര്‍ജുനന്. ഈ കഥയും എന്റെ ഔദ്യോഗിക ജീവിതവും ഇവിടെ അവസാനിക്കുന്നു' 

കഴിഞ്ഞ 36 വര്‍ഷം കേരളാ പൊലീസില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉണ്ട്. ഇവിടെ പുതിയ ജീവിതം ആരംഭിക്കുകയാണ്. ഇക്കാലമത്രയും തന്നോടൊപ്പം നിന്ന് തനിക്ക് വേണ്ടി പ്രോത്സാഹനവും സംരക്ഷണവം പ്രചോദനവും നല്‍കിയതിന് നന്ദി വാക്കുകളില്‍ ഒതുങ്ങില്ല, അതിനാല്‍ നന്ദി പറയാനായി താന്‍ ഏറ്റവും സ്‌നേഹിക്കുന്ന സംഗീതത്തെയാണ് തെരഞ്ഞെടുക്കുന്നത്. കേരളാ പൊലീസിനായി ചിട്ടപ്പെടുത്തിയ ഗാനം വേദിയില്‍ അവതരിപ്പിച്ചാണ് തച്ചങ്കരി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. 

പേരൂർക്കട എസ് എപി ഗ്രൗണ്ടിൽ നടന്ന വിരമിക്കൽ ചടങ്ങിൽ സ്വയം എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചാണ് ടോമിൻ തച്ചങ്കരി വിടവാങ്ങിയത്.

“വിട ചൊല്ലുമീ ദിനം… ഈ വേഷമിന്നിതാ മാറ്റുന്നു ഞാൻ… പടിയിറങ്ങുമ്പോൾ ആത്മാഭിമാനം…. മറക്കുകില്ലൊരിക്കലും ഞാൻ എന്റെ ധീരമാം സേനയേ…” ഇങ്ങനെ പോവുന്നു പാട്ടിലെ വരികൾ. ഏറെ സംതൃപ്തിയോടെയും അഭിമാനത്തോടെയുമാണ് കേരള പൊലീസിൽ നിന്ന് പടിയിറങ്ങുന്നതെന്നും വിടവാങ്ങൽ പരേഡിൽ സംസാരിക്കവെ തച്ചങ്കരി പറഞ്ഞു.

ശിഷ്ടകാലം കലാപ്രവർത്തനങ്ങളുമായി മുന്നോട്ടു പോവാനാണ് താൽപ്പര്യമെന്ന് തച്ചങ്കരി മുൻപു തന്നെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ റയാൻ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനാവും. ഒപ്പം പാട്ടും അഭിനയവും സിനിമയുമൊക്കെയായി ബാക്കിവച്ച സ്വപ്നങ്ങളെ പിൻതുടരുമെന്നും തച്ചങ്കരി വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ കലയന്താന്നി സ്വദേശിയാണ് ടോമിൻ ജെ തച്ചങ്കരി. 1987ൽ ഐപിഎസ് നേടിയ തച്ചങ്കരി കേരള കേഡറിൽ ആലപ്പുഴയിലാണ് സർവ്വീസ് ആരംഭിച്ചത്. പിന്നീട് കോഴിക്കോട് റൂറൽ, ഇടുക്കി, എറണാകുളം റൂറൽ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ എസ്.പിയായി പ്രവർത്തിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിൻറെ സ്പെഷ്യൽ സെൽ, ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു.

എറണാകുളം ക്രൈംബ്രാഞ്ച്, ടെക്നിക്കൽ സർവ്വീസസ് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയി ജോലി നോക്കി. ഇടക്കാലത്ത് കേരളാ ബുക്ക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറായിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, പോലീസ് ആസ്ഥാനം, കണ്ണൂർ റേഞ്ച് എന്നിവിടങ്ങളിൽ ഐ.ജിയായും പ്രവർത്തിച്ചു. ഐ.ജി ആയിരിക്കെ കേരളാ മാർക്കറ്റ്ഫെഡ്, കൺസ്യൂമർഫെഡ്, കേരളാ ബുക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ഐ.ജി ആയും ട്രാൻസ്പോർട്ട് കമ്മീഷണറായും പ്രവർത്തിച്ചു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോസ്റ്റൽ സെക്യൂരിറ്റിയിലായിരുന്നു ആദ്യ നിയമനം. പോലീസ് ആസ്ഥാനം, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ആംഡ് പോലീസ് ബറ്റാലിയൻ, കോസ്റ്റൽ പോലീസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പിയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറുടെ അധികചുമതല വഹിച്ചു. കേരളാ ബുക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ, കേരള പോലീസ് ഹൗസിംഗ് ആൻറ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു. ഫയർ ആൻറ് റെസ്ക്യു മേധാവിയായും പ്രവർത്തിച്ചു.

കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ തസ്തികയിലായിരുന്നു ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുളള ആദ്യനിയമനം. മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിക്കുന്നത്.

വിരമിക്കൽ ചടങ്ങുകൾ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories