കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം. ഡോക്ടര്‍ ശ്രീക്കുട്ടിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാറാണ് ജാമ്യം നല്‍കിയത്. ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. ഡോക്ടര്‍ ശ്രീക്കുട്ടിക്ക് വേണ്ടി അഡ്വ സി സജീന്ദ്രകുമാരാണ് ഹാജരായത്.
ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമായിരുന്നു പൊലീസ് ചുമത്തിയത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ണമായിരുന്നു. നിലവില്‍ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്.
തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. അതേസമയം ട്രാപ്പില്‍ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. 13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും അജ്മലിന് നല്‍കിയെന്നും മദ്യം കുടിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നുവെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. അജ്മലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യം കുടിച്ചത്. താന്‍ പെട്ടുപോയതാണെന്നുമായിരുന്നു ശ്രീക്കുട്ടി നല്‍കിയ മൊഴി.
എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്നാണ് അജ്മല്‍ പറഞ്ഞത്. 'മനപ്പൂര്‍വ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ല. എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി,' അജ്മല്‍ പൊലീസിന് നല്‍കിയ മൊഴി. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദ്ദേശപ്രകാരമല്ലെന്നും അജ്മല്‍ പറഞ്ഞിരുന്നു.