സഖ്യത്തിലല്ലാതെ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് കഴിയാതെ വന്നതിനാല്‍ ഉത്തരേന്ത്യയില്‍ രാഷ്ട്രീയ തന്ത്രങ്ങളിനി എന്തെല്ലാമാകുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.ആന്ധ്രയില്‍ വിജയത്തേരോട്ടം നടത്തിയ ചന്ദ്രബാബു നായിഡുവും, ബിജെപിയിലേക്ക് ചാടി അധികകാലമായിട്ടില്ലാത്ത നിതീഷ് കുമാറും ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കാന്‍ പോകുന്ന സവിശേഷ അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം കടന്നു പോകുന്നത്.
ഘടക കക്ഷികളെ ഒഴിച്ചു നിര്‍ത്തിയാല്‍ ബിജെപിക്ക് ഇക്കുറി നേടാനായത് 240 സീറ്റുകള്‍ മാത്രമാണ്. ഇന്ത്യാ മുന്നണി നേടിയത് 232 സീറ്റുകളും. മാന്ത്രിക സംഖ്യയിലത്താന്‍ ഇന്ത്യാ മുന്നണിക്ക് വേണ്ടത് 40 സീറ്റുകള്‍ മാത്രമെന്നിരിക്കെ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിക്കാന്‍ സാധ്യതകളേറെയാണ്.
ഇന്ന് നടക്കുന്ന യോഗത്തിനു ശേഷമേ മന്ത്രിസഭാ രൂപീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എങ്കിലും, സര്‍ക്കാരുണ്ടാക്കാനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. ആന്ധ്രപ്രദേശില്‍ തിരിച്ചുവരവു നടത്തിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയും, ബീഹാറില്‍ മികച്ച നേട്ടമുണ്ടാക്കിയ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡുമാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. ഇരു പാര്‍ട്ടികളും ഒപ്പം ചേര്‍ന്നാല്‍ 30 സീറ്റുകള്‍ കൂടി ഇന്ത്യാ മുന്നണിക്ക് ലഭിക്കും.അങ്ങനെയെങ്കില്‍ കേവല ഭൂരിപക്ഷത്തിന് പിന്നെ വേണ്ടത് 10 സീറ്റുകള്‍ മാത്രം.
വൈ.എസ.്ആര്‍ കോണ്‍ഗ്രസിനെയും ബിജെഡിയെയും കൂടി കൊണ്ടു വരാനായാല്‍ എന്‍ഡിഎ ഇതര മന്ത്രി സഭയ്ക്കുള്ള സാധ്യത ഏറെക്കുറെ തെളിയും. കൃത്യമായ സന്ദര്‍ഭങ്ങളില്‍ മറു കണ്ടം ചാടിയ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബുദ്ധിശാലിയായ കുറുക്കനെന്നാണ് നിതീഷ് കുമാര്‍ അറിയപ്പെടുന്നത്. അതു കൊണ്ടു തന്നെ ഇന്ത്യാ മുന്നണിയുടെ പ്രകടനവും, ബിജെപിക്കുണ്ടായ തിരിച്ചടിയും കൂട്ടിക്കിഴിച്ചു നോക്കിയാല്‍ നിതീഷ് കുമാര്‍ ഇന്ത്യാ മുന്നണിയിലേക്ക് തിരികെ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
തെലുഗു ദേശം പാര്‍ട്ടിയും ചന്ദ്രബാബു നായിഡുവുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്ന മറ്റൊരു ഘടകം. ടിഡിപിയെ എന്‍ഡിഎയില്‍ തന്നെ നിര്‍ത്താനുള്ള വഴികളാണ് ബിജെപി നോക്കുന്നത്. ബിജെപിയെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് വിജയം നേടിയതിനാല്‍ തന്നെ നായിഡുവില്‍ നിന്നൊരു മറുകണ്ടം ചാടല്‍ ഉണ്ടാകുമോ എന്നത് സംശയമാണ്.നിതീഷ് കുമാറിന്റൈയും ചന്ദ്രബാബു നായിഡുവിന്റെയും വില പേശല്‍ ശക്തി എത്രത്തോളമുണ്ടെന്നതാണ് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്ന ഘടകം .