എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷല്‍ ട്രെയ്ൻ സർവീസ് നാളെ ആരംഭിക്കും. സർവീസിനുള്ള ട്രെയ്ൻ റേക്ക് ഷൊർണൂരില്‍ നിന്ന് എറണാകുളത്ത് എത്തിച്ചു.ബംഗലൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് പുതിയ സർവ്വീസ്.
ആഗസ്റ്റ് 26 വരെ ആഴ്ച്ചയിൽ മൂന്ന് ദിവസമാണ് വന്ദേഭാരത് സർവീസ് നടത്തുക. എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് എ.സി ചെയർ കാറില്‍ 1465 രൂപയും എക്സിക്യുട്ടീവ് ചെയർ കാറില്‍ 2945 രൂപയുമാണ് നിരക്ക്.യാത്രക്കാർക്ക് ഭക്ഷണം അടക്കം ഉള്‍പ്പെടുത്തിയാണ് നിരക്ക് ഈടാക്കുന്നത്.എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവീസ്.
എറണാകുളത്ത് നിന്ന് ഉച്ചക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് ബംഗളൂരുവിലെത്തും. റെയിൽവെ വലിയ പ്രതീക്ഷയോടെയാണ് ഈ റൂട്ടിലെ സർവീസിനെ കാണുന്നത്.സർവീസ് ലാഭകരമായാൽ സർവീസ് നിലനിൽത്തുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. സ്വകാര്യ ബസുകൾ തോന്നിയ രീതിയിൽ നിരക്ക് ഈടാക്കി സർവീസ് നടത്തുന്ന റൂട്ടിൽ വന്ദേ ഭാരത് സർവീസ് യാത്രക്കാർക്കും ഗുണകരമാകും.
വ്യഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലർച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 2.20ന് എറണാകുളത്തെത്തും. ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർ പേട്ട എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. ഇരുദിശയിലേക്കും ആഴ്ച്ചയിൽ12 സർവീസുകളാണ് ഉണ്ടാവുക.