കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11.32 ഓടെ ആര്‍ഡിഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പത്രികാ സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിച്ചു. ഡിവൈഎഫ്‌ഐയാണ് ജെയ്കിന് കെട്ടിവെക്കേണ്ട തുക നല്‍കിയത്. പുതുപ്പള്ളിയില്‍ മൂന്നാം തവണയാണ് ജെയ്ക് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഒമ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ജെയ്ക് സി തോമസിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി വി എന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ തുടങ്ങിയവര്‍ ജെയ്കിനെ ഷാള്‍ അണിയിച്ച് ആദരിച്ചു.
തുടര്‍ന്ന് പ്രകടനമായി നടന്നാണ് ജെയ്ക് സി തോമസ് ആര്‍ഡിഒ ഓഫീസിലെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി എ വി റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ ജെ തോമസ് തുടങ്ങിയവര്‍ ജെയ്കിനെ അനുഗമിച്ചു.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. മണര്‍കാട് വൈകീട്ട് നാലിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടേയും പ്രമുഖ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. വ്യാഴാഴ്ച രാവിലെ 11.30 ന് ഇരുവരും പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.